KeralaNEWS

ഒഡിഷയ്ക്കുമുകളില്‍ ന്യൂനമര്‍ദ്ദം, ഗുജറാത്ത് തീരത്ത് ന്യൂനമര്‍ദ്ദ സാധ്യത, സജീവമാകുന്ന മണ്‍സൂണ്‍ പാത്തി; കാരണങ്ങള്‍ അനവധി, അടുത്ത അഞ്ചുദിവസവും മഴ തന്നെ!

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറില്‍ ഗുജറാത്ത് തീരത്തു ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.

മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെള്ളിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ചയും ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലെര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.

പൊന്‍മുടി ഡാം തുറക്കും

പൊന്‍മുടി ജലസംഭരണിയിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ ജലവിതാനം നിയന്ത്രിക്കുന്നതിന് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെ.മീ ഉയര്‍ത്തി 130 ക്യുമെക്‌സ് ജലം ഇന്ന് വൈകീട്ട് 5.00 മണി മുതല്‍ തുറന്ന് വിടും. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെഴും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

 

Back to top button
error: