NEWSWorld

ദുബൈയിലെ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള നടപടികള്‍ എന്തൊക്കെ? എത്ര ചെലവ് വരും?

ദുബൈ: ദുബൈയിലെ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാഗങ്ങളെക്കൂടി ഒപ്പം കൂട്ടാന്‍ വിവിധ തലങ്ങളിലുള്ള നടപടികളാണ് പൂര്‍ത്തിയാക്കേണ്ടത്. ഇവ ഓരോന്നിനും നിശ്ചിത ഫീസും ഒടുക്കണം. വിസയുടെ ദൈര്‍ഘ്യത്തിന് പുറമെ കുട്ടികളുടെ പ്രായം വരെ ആശ്രയിച്ചായിരിക്കും അപേക്ഷയുടെ ചെലവ് നിര്‍ണയിക്കപ്പെടുക. പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ സംക്ഷിപ്‍ത രൂപം ഇങ്ങനെയാണ്.

  • അറ്റസ്‍റ്റേഷന്‍

വിസയ്ക്കുള്ള നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ചില രേഖകളുടെ അറ്റസ്‍റ്റേഷന്‍ പൂര്‍ത്തിയാക്കണം. നിങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് അറ്റസ്റ്റ് ചെയ്യേണ്ടത്. സ്വന്തം രാജ്യത്തെ ബന്ധപ്പെട്ട അധികൃതരെക്കൊണ്ട് രേഖകള്‍ സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നതിന് പുറമെ യുഎഇ വിദേശകാര്യ – അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയത്തിന്റെ അറസ്‍റ്റേഷനും പൂര്‍ത്തിയാക്കണം.

നേരിട്ട് സമീപിക്കുകയാണെങ്കില്‍ 160 ദിര്‍ഹമാണ് യുഎഇ വിദേശകാര്യ – അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം അറ്റസ്റ്റേഷനായി ഈടാക്കുന്നത്. മറ്റ് ഏജന്‍സികളെയോ ടൈപ്പിങ് സെന്ററുകളെയോ ആശ്രയിക്കുകയാണെങ്കില്‍ അവര്‍ സര്‍വീസ് ചാര്‍ജും ഈടാക്കും.

അപേക്ഷ കൊടുക്കുന്ന സമയത്ത് വാടക കരാറോ ഈജാരി രജിസ്‍ട്രേഷന്‍ രേഖയോ ഹാജരാക്കേണ്ടതുണ്ട്. ഒപ്പം കുടുംബത്തെ കൊണ്ടു വരാന്‍ ഒരു നിശ്ചിത പരിധിക്ക് പുറത്ത് ശമ്പളവും ഉണ്ടായിരിക്കണം. ഇത്രയുമായാല്‍ അപേക്ഷ നല്‍കാം. വിസാ അപേക്ഷ നല്‍കാന്‍ ആവശ്യമായ രേഖകള്‍ ഇവയാണ്.

1. സ്‍പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളുടെ പാസ്‍പോര്‍ട്ടുകളുടെ പകര്‍പ്പ്
2. നിങ്ങളുടെ ഒറിജിനല്‍ പാസ്‍പോര്‍ട്ടും എമിറേറ്റ്സ് ഐ.ഡിയും
3. അറ്റസ്റ്റ് ചെയ്‍ത സര്‍ട്ടിഫിക്കറ്റുകള്‍.
4. അറ്റസ്റ്റ് ചെയ്‍ത് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍
5. സാലറി സര്‍ട്ടിഫിക്കറ്റ്
6. ദുബൈയില്‍ താമസിക്കുന്നവരുടെ ഇജാരി രജിസ്‍ട്രേഷന്‍ രേഖയും മറ്റ് എമിറേറ്റുകളില്‍ താമസിക്കുന്നവരുടെ വാടക കരാറും.

  • ഫയല്‍ ഓപ്പണിങ് ചാര്‍ജ്

വിസാ നടപടികള്‍ തുടങ്ങുമ്പോള്‍ ആദ്യം നല്‍കേണ്ടത് ഫയല്‍ ഓപ്പണിങ് ചാര്‍ജാണ്. 269 ദിര്‍ഹമാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സില്‍ നല്‍കേണ്ടത്. സ്‍പോണ്‍സര്‍ ചെയ്യാനുദ്ദേശിക്കുന്ന ആളുകളുടെ എണ്ണവുമായി ഈ ചാര്‍ജിന് ബന്ധമില്ല. ഒരിക്കല്‍ ഈ ഫീസ് നല്‍കിയ ശേഷം ജോലി മാറിയാല്‍ വീണ്ടും ഫയല്‍ ഓപ്പണിങ് ചാര്‍ജ് നല്‍കണം.

  • എന്‍ട്രി പെര്‍മിറ്റ്

നിങ്ങള്‍ കൊണ്ടുവരുന്ന കുടുംബാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും യുഎഇയില്‍ പ്രവേശിക്കാന്‍ ആവശ്യമായ എന്‍ട്രി പെര്‍മിറ്റിനായി 500 ദിര്‍ഹമാണ് നല്‍കേണ്ടത്.

  • കുടുംബം യുഎഇയില്‍ ഉണ്ടെങ്കില്‍

കുടുംബാംഗങ്ങള്‍ യുഎഇയില്‍ തന്നെ താമസിക്കുന്നവരാണെങ്കിലും പെര്‍മിറ്റിന് ഫീസ് നല്‍കണം. നിശ്ചിത ഫീസ് നല്‍കി ‘ചേഞ്ച് ഓഫ് സ്റ്റാറ്റസ്’ എന്ന നടപടിയാണ് പൂര്‍ത്തിയാക്കേണ്ടത്.

പെര്‍മിറ്റിന് 60 ദിവസം വരെയാണ് കാലാവധി. രാജ്യത്തിന് പുറത്തുള്ളവരാണെങ്കില്‍ 60 ദിവസത്തിനുള്ളില്‍ യുഎഇയില്‍ പ്രവേശിക്കാം. യുഎഇയില്‍ തന്നെ താമസിക്കുന്നവരാണെങ്കില്‍ സ്റ്റാറ്റസ് മാറ്റാന്‍ 60 ദിവസത്തെ സമയം ലഭിക്കും.

  • ചേ‌ഞ്ച് ഓഫ് സ്റ്റാറ്റസ്

കുടുംബാംഗങ്ങള്‍ യുഎഇയില്‍ ആണെങ്കില്‍ ചേഞ്ച് ഓഫ് സ്റ്റാറ്റസ് ഫീസായി 675 ദിര്‍ഹം നല്‍കണം. കുടുംബാംഗങ്ങള്‍ യുഎഇക്ക് പുറത്താണെങ്കില്‍ അവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാം.

  • മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്

യുഎഇയിലേക്ക് കൊണ്ടുവരുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, 18 വയസിന് മുകളിലുള്ള മക്കള്‍ തുടങ്ങിയവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് ആവശ്യമാണ്. സാധാരണ നിലയില്‍ 320 ദിര്‍ഹമാണ് ഇതിന്റെ നിരക്ക്. എന്നാല്‍ 24 മണിക്കൂറിനകം റിസള്‍ട്ട് ലഭിക്കുന്ന വി.ഐ.പി സേവനം വേണമെങ്കില്‍ 570 ദിര്‍ഹം നല്‍കണം.

  • എമിറേറ്റ്സ് ഐ.ഡി

വിസയുടെ കാലാവധി അനുസരിച്ച് എമിറേറ്റ്സ് ഐ.ഡിക്ക് അപേക്ഷിക്കുകയാണ് അടുത്തപടി. ഒരു വര്‍ഷത്തേക്ക് 170 ദിര്‍ഹം, രണ്ട് വര്‍ഷത്തേക്ക് 270 ദിര്‍ഹം, മൂന്ന് വര്‍ഷത്തേക്ക് 370 ദിര്‍ഹം എന്നിങ്ങനെയാണ് ഇതിനുള്ള നിരക്ക്. 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസയാണെങ്കില്‍ എമിറേറ്റ്സ് ഐ.ഡിക്ക് 1,070 ദിര്‍ഹം നല്‍കണം.

  • വിസ സ്റ്റാമ്പിങ്

പാസ്‍പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന രീതി അടുത്തിടെ ഒഴിവാക്കിയിരുന്നു. നിലവില്‍ എമിറേറ്റ്സ് ഐ.ഡി തന്നെയാണ് താമസത്തിനുള്ള രേഖയായും നിലവില്‍ ഉപയോഗിക്കുന്നത്.

Back to top button
error: