BusinessTRENDING

ഉണ്ടാകുന്നതില്‍ ഭൂരിഭാഗവും മൂരികള്‍; പശുവിനെ വാങ്ങാന്‍ സംസ്ഥാനം വിടേണ്ട അവസ്ഥ; കെ.എല്‍.ഡി. ബീജത്തിനെതിരേ കര്‍ഷകര്‍

കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കെ.എല്‍.ഡി.(കേരള െലെവ്‌സ്‌റ്റോക് ഡവലപ്‌മെന്റ്) ബോര്‍ഡ് വഴി വിതരണം ചെയ്യുന്ന ബീജത്തിന്റെ ഗുണനിലവാരത്തിനെതിരേ പരാതിയുമായി കര്‍ഷകര്‍ രംഗത്ത്.

കെ.എല്‍.ഡി. ബീജം കുത്തിവച്ചുണ്ടാകുന്ന കിടാരികളില്‍ ഭൂരിഭാഗവും മൂരികളാണെന്നും അതിനുതന്നെ ആരോഗ്യം കുറവാണെന്നുമാണ് വര്‍ഷങ്ങളായി കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ആരോപിക്കുന്നത്.

അഞ്ചും ആറും പശുക്കളെ വളര്‍ത്തുന്നതും കെ.എല്‍.ഡി. ബോര്‍ഡ് വഴി വിതരണം ചെയ്യുന്ന ബീജം കുത്തിവയ്ക്കുന്നതുമായ ഒരു കര്‍ഷകന്റെ തൊഴുത്തില്‍ രണ്ടു വര്‍ഷത്തിനുള്ളിലുണ്ടായ അഞ്ചും മൂരിക്കിടാങ്ങളാണ്. നിരവധി കര്‍ഷകര്‍ ഇതേ പരാതി ഉന്നയിക്കുന്നുണ്ട്. ഇതുമൂലം പശുക്കളുടെ എണ്ണത്തില്‍ സംസ്ഥാനത്തു വലിയ കുറവുണ്ടാകുന്നതായും കര്‍ഷകര്‍ പറയുന്നു.
പശുക്കളെ വാങ്ങാന്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നതെന്നും ക്ഷീരകര്‍ഷകര്‍ പറയുന്നു.

സംസ്ഥാനത്തു മുന്‍പ് കാലികളില്‍ ഇല്ലാതിരുന്ന പല രോഗങ്ങളും ഇപ്പോള്‍ പശുക്കള്‍ക്കു വ്യാപിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി വരവു കാരണമാകുന്നുണ്ട്. ഭൂരിഭാഗം കര്‍ഷകരും കെ.എല്‍.ഡി. ബോര്‍ഡിന്റെ ബീജമാണു കന്നുകാലികളിലെ ഗര്‍ഭധാരണത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ ഗുണനിലവാരക്കുറവു മൂലം സ്വകാര്യ ബീജധാതാക്കളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് കര്‍ഷകര്‍ എത്തിയിരിക്കുകയാണ്.

ഫാമുകളായി പ്രവര്‍ത്തിക്കുന്നവിടങ്ങളില്‍ മിക്കയിടങ്ങളിലും സ്വകാര്യ കമ്പനികളെയാണു നിലവില്‍ ആശ്രയിക്കുന്നത്. മികച്ച ഇനം പശുക്കിടാങ്ങളെ ലഭിക്കുമെന്നതാണ് ഇതിനു കാരണമെന്ന് ഉടമകള്‍ പറയുന്നു. സ്വകാര്യ കമ്പനികളുടെ നിരവധി ഏജന്റുമാരാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

പശുക്കിടാങ്ങളുടെ എണ്ണം കുറയുന്നതു സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ സാമ്പത്തികമായി ഏറെ തളര്‍ത്തുന്നുണ്ട്. കാലിത്തീറ്റ സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പശുക്കിടാക്കള്‍ക്കു മാത്രമാണു ലഭിക്കുക. ബീജത്തിനെതിരേ പരാതികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ക്ഷീരകര്‍ഷകര്‍ അഭ്യര്‍ഥിക്കുന്നത്.

Back to top button
error: