NEWSWorld

2022ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് അർദ്ധരാത്രി കാണാം

വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകും. സാധരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍മൂണ്‍. ഭൂമിയില്‍ നിന്നുള്ള അകലം പതിവിലും കുറയുന്നത് കൊണ്ടാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്.

നാല് സൂപ്പര്‍മൂണുകള്‍ക്കാണ് 2022 സാക്ഷ്യം വഹിക്കുന്നത്. അതില്‍ ഏറ്റവും വലുതാണ് ഇന്ന് കാണാനാകുക. ഓഗസ്റ്റ് 12നാകും അടുത്ത സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുകയെന്ന് നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അറിയിച്ചു.

ചന്ദ്രന്‍ അതിന്റെ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത നില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ മൂണ്‍ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്‍ സാധാരണയെക്കാള്‍ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും.
ഇന്ന് അര്‍ധരാത്രി 12.08ഓടെ ദൃശ്യമാകുന്ന സൂപ്പര്‍ മൂണ്‍ വെള്ളിയാഴ്ച രാത്രി വരെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പൂര്‍ണമായും കാണാനാകും.

ജൂലൈയില്‍ കാണുന്ന സൂപ്പര്‍മൂണ്‍ ബക്ക് മൂണ്‍ എന്നും തണ്ടര്‍ മൂണ്‍ എന്നും അറിയപ്പെടും. ആണ്‍ മാനുകളില്‍ (ബക്ക്) പുതിയ കൊമ്പുകള്‍ വളരുന്ന സമയമായതിനാലാണ് ഇവയെ ബക്ക് മൂണ്‍ എന്ന് വിളിക്കുന്നത്.
‘അടുത്ത പൂര്‍ണ്ണ ചന്ദ്രന്‍ 2022 ജൂലൈ 13 ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഭൂമിയെ അടിസ്ഥാനമാക്കിയുള്ള രേഖാംശത്തില്‍ സൂര്യന് എതിര്‍വശത്ത് ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം 2:38 ന് ദൃശ്യമാകും’. നാസ അറിയിച്ചു.

എന്താണ് സൂപ്പര്‍മൂണ്‍?

ഒരു ‘സൂപ്പര്‍മൂണ്‍’ സംഭവിക്കുന്നത് ഒരു പൂര്‍ണ്ണ ചന്ദ്രന്‍ അതിന്റെ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ്. ഇതിനെ പെരിജീ (Perigee) എന്നറിയപ്പെടുന്നു. ‘സൂപ്പര്‍മൂണ്‍’ എന്നത് ഒരു ഔദ്യോഗിക ജ്യോതിശാസ്ത്ര പദമല്ല. 1979ല്‍ ജോത്സ്യനായ റിച്ചാര്‍ഡ് നോലെ നല്‍കിയ പേരാണ് ഇത്. ഈ സമയത്ത് ചന്ദ്രന്‍ 90 ശതമാനത്തോളം ഭൂമിയോട് അടുത്തിരിക്കുന്നു. വര്‍ഷത്തില്‍ മൂന്നോ നാലോ തവണ മാത്രമേ സൂപ്പര്‍മൂണുകള്‍ സംഭവിക്കുകയുള്ളൂ. സൂര്യനുചുറ്റും ഭൂമിയുടെ ഭൂരിഭാഗം ഭ്രമണപഥത്തിലും, പെരിജിയും പൂര്‍ണ്ണ ചന്ദ്രനും ഓവര്‍ലാപ്പ് ചെയ്യുന്നില്ല.

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതിനാല്‍, അത് സാധാരണയേക്കാള്‍ ഉയര്‍ന്ന വേലിയേറ്റത്തിന് കാരണമാകും. ഈ വര്‍ഷം ജൂണ്‍ 14നും സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു. ഇനി നവംബറിലാണ് അവസാനത്തെ സൂപ്പര്‍ മൂണിനെ പ്രതീക്ഷിക്കുന്നത്.

Back to top button
error: