KeralaNEWS

പുകവലിക്കാർ വായിക്കാൻ മറക്കരുതേ, ചിത്രകാരനും എഴുത്തുകാരനുമായ മൊപ്പോസാങ് വാലത്ത് എഴുതിയ ഹൃദയസ്പർശിയായ ജീവിതാനുഭവം… ‘ഒരു പുകവലിക്കഥ’

റണാകുളം സെന്റ് ആൽബർട്സ് കോളജിൽ പ്രീ ഡിഗ്രിയുടെ അവസാനഘട്ടത്തിലാണ് സിഗററ്റു വലിയിലേക്കു വഴുതി വീഴുന്നത്. കൂൾ എന്നൊരു ബ്രാൻഡ് സിഗററ്റുണ്ടായിരുന്നു. തീ പിടിപ്പിച്ചു വലി തുടങ്ങിയാൽ തൊണ്ടയിലും മൂക്കിലും ആകെ ഒരു തണുപ്പു വന്നു നിറയും. സുഖകരമായ ഒരവസ്ഥ. ഓരോ വലിയ്ക്കും ആ സുഖമങ്ങിനെ പെരുകിക്കൊണ്ടിരിക്കും. കവിൾ നിറയെ പുകയെടുത്ത് ഷ്യൂന്ന് ഊതി വിടുന്നത് അതിലേറെ രസകരം . മനസ്സിലും ഉൽസാഹം. പ്രായം പതിനേഴിൽ നിന്ന് ഇരട്ടിയായതുപോലെ.

കൂൾ സിഗററ്റ് എന്നാൽ മദാമ്മമാർ മാത്രം വലിക്കുന്നതെന്ന തിരിച്ചറിവാണ് ഏറെ ഞെട്ടിച്ചത്. സ്ത്രീകൾ വലിക്കുന്ന വെറും ലൈററ് ഇനമാണല്ലൊ ഇതുവരെ ഉപയോഗിച്ചതെന്നോർത്തപ്പോൾ ഒരു ജാള്യതയും.

പിന്നെ ബ്രാന്റ് മാറ്റി. പനാമ ഫിൽറ്റർ കിംഗ്സ് എന്ന നീളൻ നെടുങ്കൻ ഇനത്തിലേക്കു മാറി. എന്നേക്കാൾ നീളമുണ്ട് ആ ഇനത്തിന്. “എവിടെയെങ്കിലും പിടിച്ചു നിന്നു വലിക്കെടാ അല്ലെങ്കിൽ നീ മൂക്കു കുത്തി വീഴും ” സുഹൃത്തുക്കൾ കളിയാക്കാറുമുണ്ടായിരുന്നു.

ഡിഗ്രി കഴിഞ്ഞു, ബിരുദാനന്തര ബിരുദവും കഴിഞ്ഞു. സിഗററ്റു വലി തുടർന്നു കൊണ്ടേയിരുന്നു. ബ്രാന്റുകൾ പലതും മാറി മാറി വന്നു. അതെല്ലാം ആവേശത്തോടെ ചുണ്ടിലേറ്റി. സിസേഴ്സ് , പാസിംഗ് ഷോ, ചാർമിനാർ, ചാംസ് , മിനി ചാംസ്, ഗോൾഡ് ഫ്ളേക്ക് , ഗോൾഡ് ഫ്ളേക്ക് ഫിൽറ്റർ… ഇടയ്ക്ക് വിദേശ സുഹൃത്തുക്കൾ കൊണ്ടുവരുന്ന ട്രിപ്പിൾ ഫൈവ് എന്ന രാജകുമാരൻ!

വിൽസ് എന്ന മുന്തിയ ഇനം വലിച്ചിരുന്നത് കല്യാണ വീടുകളിൽ നിന്നു മാത്രം. അന്നൊക്കെ കല്യാണ വീടുകളിൽ ഒരു തളികയിൽ സിഗററ്റുകൾ കൂടു പൊട്ടിച്ചിട്ടിട്ടുണ്ടാകും. മൂന്നുനാലു തീപ്പെട്ടികളും. ആവശ്യക്കാർക്കു യഥേഷ്ടം എടുത്തു വലിക്കാം. കല്യാണ വീടിന്റെ പ്രൗഢിയനുസരിച്ചാണ് സിഗററ്റിന്റെ ബ്രാന്റുകൾ. മുന്തിയ വീടാണെങ്കിൽ മുന്തിയ ഇനമായ വിൽസ് കിട്ടും. വിൽസ് വില കൊടുത്തു വാങ്ങി വലിക്കാനുള്ള പാങ്ങൊന്നും അന്നുണ്ടായിരുന്നില്ല.

ഒടുവിൽ ഗോൾഡ് ഫ്ളേക്ക് എന്ന ബ്രാൻഡിൽ ഉറപ്പിച്ചു. അപ്പോഴേക്കും ജോലിക്കാരനുമായി , കുടുംബസ്ഥനുമായി . വലിയും മുറുകിക്കൊണ്ടിരുന്നു. ഗോൾഡ് ഫ്ളേക്കിൽ നിന്ന് ഗോൾഡ് ഫ്ളേക്ക് ഫിൽറ്റർ എന്ന ബ്രാൻഡിലേക്കു മാറി. ചിത്രം വരയ്ക്കൽ തുടങ്ങിയപ്പോഴാണ് വലിയുടെ ഇടവേളകൾ കുറഞ്ഞു തുടങ്ങിയത്. നിറങ്ങൾ ഉണങ്ങുന്നതിന്റെ ഇടവേളകളിൽ ഒരു സിഗററ്റ് എന്നതായിരുന്നു തുടക്കം. പിന്നീടത് ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് എന്ന അവസ്ഥയിലായി.

എന്തിനാണ് ഇങ്ങനെ വലിച്ചു കൂട്ടുന്നതെന്നു ചോദിച്ചാൽ ഉത്തരമില്ല. മാനസികോല്ലാസമുണ്ടോ…? അതില്ല. വലിക്കുന്നു , അത്രമാത്രം. പുകയിലയുടെ രൂക്ഷഗന്ധം ദേഹമാകെ പടർന്നിരിക്കും. രസേന്ദ്രിയങ്ങളിലും അതേ ഗന്ധം, അതേ കയ്പ്. ആരുടെയും അടുത്തിരുന്നു സംസാരിക്കാൻ കഴിയില്ല. അവർ മെല്ലെ പിൻമാറും. ഒരു മോചനവുമില്ലാത്ത അവസ്ഥ.

പെട്ടെന്നാണ് കാര്യങ്ങൾ എല്ലാം കീഴ്മേൽ മറിഞ്ഞത്. ഒരൊറ്റ ഫോൺ കോളിൽ. ജിതേഷ് ബാബുവിനെ സംബന്ധിച്ചു വന്ന ആ ഫോൺ കോളിൽ. എന്റെ അകന്ന ബന്ധുവാണ് ജിതേഷ് . ജിത്തു എന്നാണ് ഓമനിച്ചു വിളിക്കുക. തിരുവാങ്കുളത്തുള്ള വലിയമ്മയുടെ മകൻ. പ്രായം കൊണ്ട് എന്നെക്കാൾ എട്ടു പത്തു വയസ്സ് ഇളപ്പമാണ്. അതി മനോഹരമായി പാടും. മുഹമ്മദ് റഫി സാബിന്റെ നല്ല ശബ്ദസാമ്യം. ഒന്നുരണ്ടു തവണ കല്യാണ സദസ്സുകളിൽ ജിത്തുവിന്റെ പാട്ടു കേൾക്കാൻ ഇട വന്നിട്ടുണ്ട്. ‘ഓ , ദുനിയാ കേ രഖ് വാലേ’ എന്ന ഗാനം അതിന്റെ സർവ്വ ഭാവതാളമേളങ്ങളോടെ ജിത്തു പാടും. കണ്ണടച്ചിരുന്നു കേട്ടാൽ റഫി സാബ് മുന്നിൽ വന്നു നിൽക്കുന്ന പോലെ . ‘മെഹല് ഉദാസ്’ എന്ന ഭാഗം ഉച്ചസ്ഥായിയിലേക്കു പറക്കുമ്പോൾ സദസ്സിന്റെ ശ്വാസം നിലച്ച മട്ടിലെത്തും. സദസ്സാകെ ആ ശബ്ദമാധുരിയിൽ വീർപ്പടക്കി നിന്നു പോകും. അത്രമേൽ ഹൃദ്യം.

ബാങ്ക് ഓഫീസറാണ് ജിത്തു. ചുണ്ടിൽ മൂളിപ്പാട്ടും വിരലുകളിൽ അക്കങ്ങളുമായി ജോലി ചെയ്യുന്ന സുന്ദരനായ ചെറുപ്പക്കാരൻ. റോഡിന്റെ എതിർവശത്തുള്ള ബാങ്കിലാണ് ഭാര്യ മീര. സുന്ദരനു ചേർന്ന സുന്ദരി.

എന്റെ സിഗററ്റ് ഫ്രന്റു കൂടിയായിരുന്നു ജിത്തു. രണ്ടാളും ഗോൾഡ് ഫ്ളേക്ക് ആരാധകർ. എന്നെ പോലെ തന്നെ ചെയ്ൻ സ്മോക്കർ. എങ്കിലും ഞാനുപദേശിക്കും: ‘എടാ, നിന്റെ കഴിവിന്റെ മർമ്മമിരിക്കുന്നത് തൊണ്ടയിലാണ്. അതിങ്ങനെ നിക്കോട്ടിൻ അടിച്ചു നശിപ്പിക്കാതെ.’ അപ്പോൾ അവന്റെ മറുപടി: ‘മോപ്പൻ ചേട്ടാ, നിങ്ങളുടെ മർമ്മമിരിക്കുന്നത് വിരൽത്തുമ്പിലാണ്. അതും മറക്കല്ലെ.’

നാളുകളങ്ങിനെ പോയി.

പെട്ടെന്നാണ് ആ ഫോൺ കോൾ. ജിത്തുവിന്റെ ഇളയ സഹോദരന്റെ കോൾ. ദേഹമാകെ ഒരു മിന്നൽപ്പിണർ ചുറ്റി വരിഞ്ഞു. പ്രജ്ഞയാകെ മഞ്ഞ നിറം പടർന്ന് അവ്യക്തമായതു പോലെ.

ഭാര്യ എന്റെ കയ്യിൽ നിന്നു ഫോൺ പിടിച്ചു വാങ്ങി. അങ്ങേ തലയ്ക്കൽ നിന്നുള്ള ശബ്ദശകലങ്ങൾക്കൊപ്പം അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു. അതൊരു ആന്തലായി, അലറിക്കരച്ചിലായി മുറിയാകെ നിറഞ്ഞു.!

ജിത്തു പോയി. പ്രിയങ്കരിയായ ഭാര്യയേയും രണ്ടു കുഞ്ഞുങ്ങളേയും തനിച്ചാക്കി ജിത്തു ഒരു മൂളി പാട്ടുമായി കാണാമറയത്തേക്കു കടന്നുപോയി.

കാൻസറായിരുന്നു. ശ്വാസകോശത്തിൽ. ഏറെ വൈകിയാണറിഞ്ഞത്. ചികിത്സ ഫലിക്കുന്ന ഘട്ടമൊക്കെ കഴിഞ്ഞു പോയിരുന്നു അപ്പോൾ. നിർത്താതെയുള്ള പുകവലിയുടെ ബാക്കിപത്രം !

ആ ഇരുപ്പ് അങ്ങിനെ തന്നെ ഇരിക്കുകയാണു ഞാൻ. തൊട്ടടുത്ത് മരവിച്ച മനസ്സുമായി ഭാര്യ. ഒരു പുക വലിക്കാൻ മനസ്സു വെമ്പി. മുന്നിലെ സിഗററ്റ് പായ്ക്കറ്റിലേക്കു കൈ നീണ്ടു. പൊടുന്നനെ അവൾ മുഖമുയർത്തി എന്നെ നോക്കി. നിറഞ്ഞു തുളുമ്പുന്ന ആ മിഴികളിൽ ഞാൻ ഒരു വിലക്കു കണ്ടു. അരുതേ എന്നു ദൈന്യതയോടെ വിലപിക്കുന്ന വിലക്ക്. ആയിരം വാക്കുകളേക്കാൾ ശക്തിയുള്ള ദൈന്യ നോട്ടം. അണപൊട്ടി ഒഴുകുന്ന കണ്ണുനീരിൽക്കൂടി പറയാനുള്ളതെല്ലാം ആ കണ്ണുകൾ പറഞ്ഞു.

ഞാൻ സിഗററ്റ് പായ്ക്കററ് കയ്യിലെടുത്തു. പൊട്ടിച്ചു കഴിഞ്ഞിട്ട് ഒരെണ്ണം മാത്രമെ വലിച്ചിട്ടുള്ളു. ബാക്കി ഒമ്പതെണ്ണം പായ്ക്കറ്റിലുണ്ട്. അവ ഒന്നൊന്നായി പുറത്തെടുത്തു. നിവർത്തി വെച്ച പത്ര
ക്കടലാസ്സിലേക്ക് ഓരോ സിഗററ്റും രണ്ടായി ഒടിച്ചിട്ടു. ഒമ്പതാമത്തെ സിഗററ്റും ഒടിച്ചിട്ടു കഴിഞ്ഞ് ഞാൻ അവളുടെ മുഖത്തേക്കു ഒന്നു പാളി നോക്കി.
ആ കണ്ണുകളിൽ അവിശ്വസനീയത. ഉതിരാൻ വെമ്പുന്ന കണ്ണുനീർ കണങ്ങളിൽ മെല്ലെ ആനന്ദാതിരേകത്തിന്റെ ഇളം വെയിൽ പരക്കുന്നു. ആ ഇളം വെയിൽ അവളുടെ ചുണ്ടുകളിലും പരക്കുന്നു.

നിറമിഴികളോടെ, വിറയാർന്ന ചുണ്ടുകളോടെ അവൾ എന്നെ നോക്കി മന്ദഹസിക്കുകയാണ്. സമാശ്വാസത്തിന്റെ നിറ പുഞ്ചിരി. !

അന്നു നിർത്തിയതാണ് എന്റെ പുകവലി. ഇപ്പോൾ വർഷം ഇരുപത്തി രണ്ടു കഴിഞ്ഞു…!

Back to top button
error: