IndiaNEWS

”സിംഹത്തിന്റെ രൗദ്രഭാവം വൈഡ് ആംഗിള്‍ ചിത്രമായതിനാല്‍”; അശോകസ്തംഭ വിവാദത്തില്‍ വിശദീകരണവുമായി ശില്‍പി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലെ സിംഹത്തിനു നരഭോജിയുടെ ഭാവമാണെന്ന പ്രതിപക്ഷ വിമര്‍ശനത്തിനു പിന്നാലെ വിശദീകരണവുമായി ശില്‍പി രംഗത്ത്. സാരാനാഥിലെ സ്തംഭത്തിന്റെ പ്രതിരൂപമാണ് പാര്‍ലമെന്റിന് മുകളില്‍ സ്ഥാപിച്ചതെന്നും ഇതില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ശില്‍പി സുനില്‍ ദിയോറ പറഞ്ഞു. വൈഡ് ആംഗിള്‍ ഫോട്ടോ ആയതിനാലാണ് സിംഹത്തിന് രൗദ്ര ഭാവം തോന്നുന്നതെന്നും സുനില്‍ ദിയോറ വിശദീകരിച്ചു.

‘പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ല. വൈഡ് ആങ്കില്‍ ഫോട്ടോ ആയതിനാലാണ് സിംഹത്തിന് രൗദ്ര ഭാവം തോന്നുന്നത്. അത്തരത്തില്‍ എടുത്ത ചിത്രങ്ങളാണ് വൈറലായത്’. സുനില്‍ ദിയോറ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അശോക സ്തംഭത്തിലെ സിംഹങ്ങളുടെ രൂപഭാവമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. യഥാര്‍ത്ഥ ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ് ഉള്ളത്. എന്നാല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ പ്രധാനന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തില്‍ സിംഹങ്ങള്‍ക്ക് രൗദ്ര ഭാവമാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

Back to top button
error: