IndiaNEWS

തീരദേശ ജില്ലകള്‍ ഇടഞ്ഞു; കര്‍ണാടക സാമൂഹികപാഠ പുസ്തകത്തില്‍ വീണ്ടും ശ്രീനാരായണഗുരുവിനെ ഉള്‍പ്പെടുത്തും

ബംഗളുരു: നവോഥാന നായകനായ ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം കര്‍ണാടകത്തിലെ സാമൂഹിക പാഠപുസ്തകത്തില്‍ വീണ്ടും ഉള്‍പ്പെടുത്തുന്നു. ഇതുസംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.

സ്‌കൂള്‍ പാഠപുസ്തക പരിഷ്‌കരണത്തിനിടെ പത്താംക്ലാസിലെ സാമൂഹികപാഠപുസ്തകത്തില്‍നിന്ന് ശ്രീനാരായണഗുരുവിനെപ്പറ്റിയുള്ള പാഠഭാഗം കര്‍ണാടക ഒഴിവാക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാനത്ത് വന്‍ പ്രതിഷേധമുയര്‍ന്നതോടെ കന്നഡ ഓപ്ഷണല്‍ പാഠപുസ്തകത്തില്‍ ഗുരുവിനെ ഉള്‍പ്പെടുത്തി.

എന്നാല്‍ ഇത് മുഴുവന്‍ വിദ്യാര്‍ഥികളും പഠിക്കുന്ന വിഷയമല്ല. അതിനാല്‍ത്തന്നെ പ്രതിഷേധം ശക്തമായി തുടര്‍ന്നിരുന്നു. തുടര്‍ന്നാണ്  ശ്രീനാരായണ ഗുരുവിനെപ്പറ്റിയുള്ള പാഠഭാഗം കന്നഡ പുസ്തകത്തില്‍നിന്ന് ഒഴിവാക്കി സാമൂഹികപാഠപുസ്തകത്തില്‍ത്തന്നെ തിരിച്ചെടുക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയതിനെതിരേ ഏറെ ശ്രീനാരായണീയരുള്ള തീരദേശജില്ലകളില്‍ പ്രതിഷേധം അണയാതെ നിന്നതോടെ നേതാക്കള്‍ ഇടപെടുകയായിരുന്നു. ഈ മേഖലയില്‍നിന്നുള്ള ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും എം.പി.യുമായ നളിന്‍കുമാര്‍ കട്ടീലും മന്ത്രി സുനില്‍കുമാറും കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രിയെ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടി.

കര്‍ണാടക നടപ്പാക്കിയ സ്‌കൂള്‍ പാഠപുസ്തക പരിഷ്‌കരണം അനവധി വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ശ്രീനാരായണഗുരുവിനു പുറമെ തമിഴ് സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കരെയും സാമൂഹികപാഠ പുസ്തകത്തില്‍നിന്ന് പുറത്താക്കിയിരുന്നു. കന്നഡ പാഠപുസ്തകത്തില്‍നിന്ന് ഭഗത്സിങ്ങിനെ ഒഴിവാക്കിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് ഉള്‍പ്പെടുത്തി.

ആര്‍.എസ്.എസ്. സ്ഥാപകന്‍ ഹെഡ്ഗെവാറിന്റെ പ്രസംഗം പുതുതായി ഉള്‍പ്പെടുത്തിയപ്പോഴാണ് ഭഗത്സിങ്ങിനെ പുറത്താക്കിയത്. അംബേദ്കറുടെ ഭരണഘടനാശില്പി എന്ന വിശേഷണമാണ് ഒഴിവാക്കിയതില്‍ മറ്റൊന്ന്. സമൂഹികപരിഷ്‌കര്‍ത്താവായ ബസവേശ്വരനെക്കുറിച്ചുള്ള പാഠത്തില്‍ വരുത്തിയ പരിഷ്‌കാരവും പ്രതിഷേധം വിളിച്ചുവരുത്തി.

Back to top button
error: