NEWS

എന്താണ് തിരുത മീനിന്റെ പ്രത്യേകത 

കൊച്ചിയുടെ പ്രശസ്തി കടല് കടത്തുന്നതിൽ തിരുത മീനിനും ചെറുതല്ലാത്തൊരു പങ്കുണ്ട്. കൊച്ചിയിൽ കണ്ടുവരുന്ന തിരുത അത്രയ്ക്ക് പ്രശസ്തമാണ്.
 മുജിൽ സെഫാലസ് എന്നാണ് തിരുതയുടെ ശാസ്ത്രീയ നാമം. വളർച്ചയെത്തിയ തിരുത മത്സ്യത്തിന് ഏകദേശം 90 സെന്റിമീറ്റർ നീളവും ഏഴ് കിലോഗ്രാം വരെ തൂക്കവുമുണ്ടാകും. ഇവയെ ഗ്രേ മുള്ളറ്റ്, ഫ്ലാറ്റ്‌ഹെഡ് മുള്ളറ്റ് എന്നീ പേരുകളിലും അറിയപ്പെടും. സമൃദ്ധമായി ലഭ്യമല്ലാത്തതിനാൽ നല്ല വിലയാണ് തിരുത മീനിന്.
 ഓരുജലത്തിലാണ് തിരുത വളരുക.  വേഗത്തിൽ വളരുമെന്നതിനാൽ പെട്ടെന്ന് വിളവെടുക്കാം.മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള കഴിവ്, മാംസത്തിന്റെ രുചി, ഉയര്‍ന്ന വില എന്നിവയാണ് തിരുതയെ പ്രിയപ്പെട്ടതാക്കുന്നത്.
 ശുദ്ധജലത്തിലും നന്നായി വളരും. വലിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്. തിരുതയുടെ മുട്ടക്കും ആവശ്യക്കാരേറെ. മുട്ടയാണ് ഏറെ രുചികരമെന്നും പറയുന്നു. അടിഭാഗത്തായി കാണുന്ന കറുപ്പും നീലയും കലർന്ന അടയാളവും വാലിനറ്റത്തുള്ള കറുത്ത അടയാളവും തിരുതയുടെ  പ്രത്യേകതയാണ്. ഓരുജലത്തില്‍ ചെമ്മീനുകളോടൊപ്പം വളര്‍ത്താം. തിലാപ്പിയ, പൂമീന്‍, കണമ്പ്, കരിമീന്‍ എന്നിവയോടൊപ്പവും തിരുത വളര്‍ത്താം.
ശ്രീലങ്ക, പാകിസ്താൻ, വിയറ്റ്നാം, ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും തിരുതയെ വളർത്തുന്നുണ്ട്. ശുദ്ധജലത്തിൽ മുട്ടയിടാത്തതിനാൽ കടൽത്തീരങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ ശേഖരിച്ച്  ഉൾനാടൻ ശുദ്ധജലാശയങ്ങളിൽ വളർത്തിയാണ് വിപണനം ചെയ്യാറ്. പശ്ചിമബംഗാളിലെ തടാകങ്ങളിലും തിരുത സുലഭമാണ്.
ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസക്കാലങ്ങളിലാണ് കുഞ്ഞുങ്ങളെ ധാരാളമായി ലഭിക്കുന്നത്. തമിഴ്നാട്ടിലെയും ബംഗാളിലെയും തീരങ്ങളിൽ നിന്നാണ് കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കുക.

Back to top button
error: