CrimeNEWS

മഹിളാമോര്‍ച്ച വനിതാനേതാവിന്റെ ആത്മഹത്യ: യുവമോര്‍ച്ച പ്രവര്‍ത്തകനെ ഉടന്‍ പിടികൂടണമെന്ന് ഡിവൈഎഫ്ഐ

പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രജീവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മറ്റ് പല യുവതികളുമായും ബിജെപി ഉന്നതരുമായും ഇയാള്‍ക്കുള്ള ബന്ധം ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാണ്. ഇത് അന്വേഷിക്കണം. റെയില്‍വേ ജീവനക്കാരനായ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്നും ഡി വെ എഫ് ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം തുടര്‍ നടപടിയെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യാ കുറിപ്പില്‍ പേരുള്ള ബിജെപി പ്രവര്‍ത്തകന്‍ പ്രജീവ് ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്നു ശരണ്യയെ ഞായറാഴ്ചയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ബി ജെ പി പ്രവര്‍ത്തകനായ പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്.

ശരണ്യയുടെ ആത്മഹത്യാ കുറിപ്പിലെ വാചകങ്ങള്‍…

‘എന്നെ പ്രജീവ് ഉപയോഗപ്പെടുത്തി. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്. അതിന്റെ വിവരങ്ങള്‍ എന്റെ ഫോണിലുണ്ട്. ഒടുവില്‍ പ്രജീവ് എന്നെ കുറ്റക്കാരി ആക്കി’.

ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബിജെപി നേതാവ് പ്രജീവാണെന്ന് കുടുംബവും ആരോപിച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

 

Back to top button
error: