IndiaNEWS

ഒരു വിഭാഗത്തിന്റെ മാത്രം ജനസംഖ്യാ വര്‍ധനവ് ആശങ്ക സൃഷ്ടിക്കും, അത്തരം സാഹചര്യം ഉണ്ടാകരുത്: യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഒരു പ്രത്യേക വിഭാഗം ജനസംഖ്യയില്‍ വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുമെന്നും അത്തരം സാഹചര്യം ഉണ്ടാകരുതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വിഭാഗത്തിന്റെ മാത്രം ജനസംഖ്യാ വര്‍ധനവ് മതപരമായ ജനസംഖ്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ വിഷയമായി മാറും. അത് അസ്വാസ്ഥ്യത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കും. അതുകൊണ്ടു തന്നെ ജനസംഖ്യാ നിയന്ത്രണമെന്നത് ജാതി, മതം, പ്രദേശം, ഭാഷ എന്നിവയ്ക്ക് അതീതമാകണമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ലക്ഷ്യമാകരുതെന്നും ഗ്രാമവികസനം, പഞ്ചായത്തിരാജ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ബോധവല്‍ക്കരണവും നിര്‍വഹണവും ഒപ്പം നടക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. ആശാ പ്രവര്‍ത്തകരും അംഗന്‍വാടി പ്രവര്‍ത്തകരും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പഞ്ചായത്ത് രാജ് ഉദ്യോഗസ്ഥരുമായും അടിസ്ഥാന വിദ്യാഭ്യാസ അധ്യാപകരുമായും ബോധവത്കരണം നടത്തുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കണമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണത്തിനായി നയത്തിന്റെ കരട് നിര്‍ദ്ദേശിച്ചിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികളെ സംസ്ഥാന സര്‍ക്കാര്‍ ജോലിക്ക് അയോഗ്യരാക്കാനും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ വിലക്കാനും കരട് നിര്‍ദ്ദേശമുണ്ടായിരുന്നു.

കരട് നയം അനുസരിച്ച്, രണ്ട് കുട്ടികളുള്ള ദമ്പതികള്‍ക്ക് രണ്ട് അധിക ഇന്‍ക്രിമെന്റുകളും വീട് വാങ്ങുമ്പോള്‍ സബ്സിഡിയും ലഭിക്കും. ഒരു കുട്ടിയുള്ള ദമ്പതികള്‍ക്ക് കുട്ടിയുടെ ബിരുദം വരെയുള്ള സൗജന്യ വിദ്യാഭ്യാസം, സ്‌കൂളുകളിലെ പ്രവേശനത്തില്‍ മുന്‍ഗണന എന്നിവ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ കരട് നയത്തിനെതിരെ ആര്‍എസ്എസ് അടക്കം രംഗത്തെത്തിയിരുന്നു.

Back to top button
error: