CrimeNEWS

സ്വകാര്യതയുടെ പേരില്‍ ഡിഎന്‍എ പരിശോധന ഒഴിവാക്കാനാകില്ലെന്ന് സുപ്രീം കോടതി; കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ വിമുക്തഭടന്‍ പരിശോധനയ്ക്ക് വിധേയനാകണം

ദില്ലി: സ്വകാര്യതയുടെ പേരില്‍ ഡിഎന്‍എ പരിശോധനയില്‍ നിന്ന് ആരെയും ഒഴിവാക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് സുപ്രധാന ഉത്തരവ്. പിതൃത്വം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കുന്നതിന് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയനാകണമെന്ന ഹൈക്കോടതി
ഉത്തരവിനെതിരെ കൊല്ലം സ്വദേശിയായ വിമുക്തഭടന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഡിഎന്‍എ പരിശോധന നടത്തിയാല്‍ അത് തനിക്ക് അപകീര്‍ത്തിയുണ്ടാക്കുമെന്നും, സ്വകാര്യതയെ ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. പുട്ടുസ്വാമി കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് സ്വകാര്യത മൗലിക അവകാശം ആണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു ഹര്‍ജിക്കാരന്‍െ്‌റ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഡി.എന്‍.എ. പരിശോധനാ വിഷയത്തില്‍ ഈ വാദം കണക്കിലെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവോടെ തിരുവന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിമുക്ത ഭടന് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയനാകേണ്ടി വരും.

കോട്ടയം സ്വദേശിനിയായ യുവതി, തന്റെ മകളുടെ പിതാവ് കരസേനയിലെ ഹവീല്‍ദാര്‍ മേജര്‍ തസ്തികയില്‍ നിന്ന് വിരമിച്ച കൊല്ലം സ്വദേശിയാണെന്ന് ആരോപിച്ച് പരാതി നല്‍കിയിരുന്നു. 1999-ല്‍ വിമുക്ത ഭടനുമായി തന്റെ വിവാഹം ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ വച്ച് നടന്നുവെന്നാണ് യുവതി പറയുന്നത്.

എന്നാല്‍ അക്കാലത്ത് കാര്‍ഗില്‍ യുദ്ധം നടന്ന സമയം ആയതിനാല്‍ കരസേനയില്‍ ആര്‍ക്കും അവധി ലഭിക്കില്ലായിരുന്നെന്നാണ് വിമുക്തഭടന്റെ വാദം. വിമുക്ത ഭടനുമായി സേന അനുവദിച്ച ക്വാട്ടേഴ്സില്‍ താമസിച്ചിട്ടുണ്ടെന്ന് യുവതി പറയുമ്പോള്‍, അക്കാലത്ത് 25 വയസ് പൂര്‍ത്തിയാകാതിരുന്ന തനിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ നിയമ പ്രകാരം കുടുംബ സമേതം താമസിക്കാന്‍ കഴിയുന്ന ക്വാട്ടേര്‍സ് ലഭിക്കില്ലെന്നാണ് വിമുക്ത ഭടന്റെ വാദം.

ഈ കേസില്‍ കോട്ടയം ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഡി.എന്‍.എ. പരിശോധനയ്ക്ക് ഉത്തരവിട്ടു. ഇതിനെതിരേ വിമുക്തഭടന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും ഉത്തരവ് ശരിവച്ചു. സത്യം കണ്ടെത്താന്‍ ഡി.എന്‍.എ. പരിശോധന അനിവാര്യമാണെന്ന നിലപാടാണ് ഹൈക്കോടതിയും സ്വീകരിച്ചത്. തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Back to top button
error: