CrimeNEWS

വിചാരണ തുടങ്ങാനിരിക്കെ പോക്‌സോ അതിജീവിതയെ തട്ടിക്കൊണ്ടുപോയത് മൊഴിമാറ്റാന്‍; ഒത്താശ ചെയ്ത മാതാപിതാക്കള്‍ കസ്റ്റഡിയില്‍

പാലക്കാട്: വിചാരണ തുടങ്ങാനിരിക്കെ തട്ടിക്കൊണ്ടു പോകപ്പെട്ട പാലക്കാട് പോക്‌സോ കേസ് അതിജീവിതയെ ഗുരുവായൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം കണ്ടെത്തി. മൊഴിമാറ്റിക്കലിന്റെ ഭാഗമായാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയുടെ അടുത്തബന്ധുക്കള്‍ തന്നെയാണ് പോക്സോ കേസിലെ പ്രതികള്‍.

പാലക്കാടുനിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒരുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിന്റെ വിചാരണ 16-ാം തീയതി ആരംഭിക്കാനിരിക്കെ കുട്ടിയുടെ മൊഴിമാറ്റാനുള്ള നീക്കമായിരുന്നു ഇവര്‍ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം

ഞായറാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ പ്രതിയായ ചെറിയച്ഛനും സംഘവും തട്ടിക്കൊണ്ടു പോയത്. കേസിനെ തുടര്‍ന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതിനാല്‍, പെണ്‍കുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയയാണ് കോടതി ഏല്‍പ്പിച്ചിരുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ കാറിന്റെ നമ്പര്‍ പ്ലേറ്റ് മറിച്ചിരുന്നു. പ്രതികളെ സഹായിക്കാന്‍ ബൈക്കില്‍ എത്തിയവരെ അന്വേഷിച്ചെങ്കിലും നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി.

സംഭവങ്ങളുടെ സിസിടിവി പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കേസിലെ മുഖ്യപ്രതിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത് എന്നതിനാല്‍ കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ആയിരിക്കുമെന്ന് സംരക്ഷണ ചുമതല വഹിച്ചിരുന്ന ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കടത്തിക്കൊണ്ടു പോയ സമയത്ത് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് സംരക്ഷണച്ചുമതലയിലുണ്ടായിരുന്നവര്‍ പറഞ്ഞു. ബാലിക അച്ഛനും അമ്മയ്ക്കും ഒപ്പമാകാനാണ് സാധ്യത എന്ന് പൊലീസും സംശയിച്ചിരുന്നു. ഇരുവരുടേയും ഫോണ്‍ കുഞ്ഞിനെ കാണാതായത് മുതല്‍ സ്വിച്ച്ഡ് ഓഫ് ആയതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.

പ്രതികള്‍ക്ക് അനുകൂല നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ കുട്ടിയുടെ സംരക്ഷണച്ചുമതല മാതാപിതാക്കള്‍ക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. കുട്ടിയെ പാലക്കാട്ടുനിന്ന് തട്ടിക്കൊണ്ടുപോയപ്പോള്‍ മാതാപിതാക്കള്‍ അടക്കുള്ളവര്‍ ഉപദ്രവിച്ചിരുന്നെന്നും ബലംപ്രയോഗിച്ചിരുന്നെന്നും ദൃക്സാക്ഷികള്‍ അടക്കം മൊഴി നല്‍കിയിരുന്നു.

മുമ്പ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്ശിയും പറഞ്ഞിരുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മര്‍ദ്ദിച്ചു. തന്റെ കൈക്ക് പരിക്കേറ്റു. വിചാരണക്ക് മുന്‍പ് മൊഴി മാറ്റിക്കാന്‍ നേരത്തേയും പല തവണ ശ്രമിച്ചു എന്നും മുത്തശ്ശി പറഞ്ഞിരുന്നു.

Back to top button
error: