NEWS

 ബി.ജെ.പിയിൽ തമ്മിലടി; പന്തളം നഗരസഭയിൽ ഭരണസ്തംഭനം

 പന്തളം:  ഭരണകക്ഷിയായ ബി.ജെ.പിയിലെ തമ്മിലടി മൂലം നഗരസഭയിൽ ഭരണസ്തംഭനം.ബി ജെ പി  പാർലമെൻ്ററി പാർട്ടി ലീഡറുടെ നേതൃത്വത്തിൽ സെക്രട്ടറിയെ തടഞ്ഞുവയ്ക്കുകയും സെക്രട്ടറി അടിയന്തിര കൗൺസിലിൽ പങ്കെടുക്കാനാവത്തതിനാൽ അടിയന്തിരകൗൺസിൽ പിരിച്ചുവിടുകയും ചെയ്തു.ചെയർപേഴ്സണും മറ്റൊരു വിഭാഗവും തമ്മിലുള്ള ശീതസമരം ഭരണത്തിൻ്റെ ആദ്യ നാൾ മുതൽ പ്രകടമാണെങ്കിലും ഇന്നത്തേതോടെ മറ നീക്കി പുറത്തുവരികയായിരുന്നു.
നഗരസഭാ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധാരണ കമ്മിറ്റി വിളിച്ചു കൂട്ടാതെ അടിയന്തിര കൗൺസിൽ വിളിച്ചു കൂട്ടുകയും പദ്ധതിയെപ്പറ്റി വിശദമായ അറിയിപ്പ് കൗൺസിലർമാർക്ക് രേഖാമൂലം നൽകാത്തതിലും പ്രതിപക്ഷ കൗൺസിലർമാരും, പ്രതിഷേധിച്ചിരുന്നു പന്തളം നഗരസഭയിൽ 2021-22 പദ്ധതി അംഗീകാരത്തിനായി അഞ്ചുമാസം വൈകി ഡി.പി.സിക്ക് സമർപ്പിച്ചതിനാലും വ്യക്തിഗത ആനുകൂല്ല്യങ്ങൾ നൽകുവാൻ നാളിതുവരെയായും കഴിഞ്ഞിരുന്നില്ല, നാലു കോടി രൂപ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
2022-23 ലെ പദ്ധതിയും ബി.ജെ.പിയിലെ പടലപിണക്കം മൂലം അവതാളത്തിലാകുന്ന സ്ഥിതിയാണുള്ളത്.അതേസമയം തമ്മിലടി മൂലം പാവങ്ങൾക്കു കിട്ടേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ബി ജെ പി നിലപാട് അപഹാസ്യമാണെന്ന് യുഡിഎഫ് ആരോപിച്ചു.നഗരസഭാ ഭരണം സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ ചെയർപേഴ്സണും ഭരണ സമിതിയും രാജിവച്ച് ജനങ്ങളോടു് പ്രതിബദ്ധത കാട്ടണമെന്നും യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ വിജയകുമാർ പന്തളം മഹേഷ്, രത്നമണി സുരേന്ദ്രൻ ,സുനിതാ വേണു എന്നിവർ ആവശ്യപ്പെട്ടു.

Back to top button
error: