KeralaNEWS

ലോകകാര്യങ്ങള്‍ നോക്കുന്ന തിരക്കുള്ള മന്ത്രി, കഴക്കൂട്ടത്തെ പാലം പണി നോക്കുന്നതിലെ ചേതോവികാരം അറിയാമല്ലോ? എസ്. ജയശങ്കറിന്റെ സന്ദര്‍ശനത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ സന്ദര്‍ശനം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസില്‍ നില്‍ക്കുന്ന ചിത്രം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.

ലോകകാര്യങ്ങള്‍ നോക്കുന്ന തിരക്കുള്ള മന്ത്രി, കഴക്കൂട്ടത്തെ പാലം പണി നോക്കുന്നതിന് പിന്നിലെ ചേതോവികാരം അറിയാമല്ലോയെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. സംസ്ഥാന പെന്‍ഷനേഴ്‌സ് യൂണിയന്‍ രജത ജൂബിലി സമ്മേളന ഉദ്ഘാടന വേദിയിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ ജയശങ്കര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നുവെന്നാണ് ജയശങ്കര്‍ പറഞ്ഞത്. ഇക്കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ഏതൊരാളാണെങ്കിലും നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കണം,

ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് മാത്രമല്ല രാജ്യത്തിനാകെയും സാധിക്കില്ല. നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ നിയമവിധേയമായി മാത്രം പ്രവര്‍ത്തിക്കണമെന്നും മന്ത്രി പ്രതികരിച്ചു. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.

 

Back to top button
error: