KeralaNEWS

വനിതാകായിക താരത്തിനു നേരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അസഭ്യവും അവഹേളനവും, രാത്രി പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായിക താരദമ്പതികൾ കുത്തിയിരിപ്പ് സമരം നടത്തി

പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ അന്തർദ്ദേശീയ വനിതാ കായിക താരം നീനയെയും ഭർത്താവ് പിന്റോ മാത്യുവിനെയും അസഭ്യം വിളിച്ച് അപമാനിച്ചതായി പരാതി. വൈകിട്ട് പ്രാക്ടീസിനായി എത്തിയ കായിക താര ദമ്പതികൾക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ മുൻ കായികതാരം കൂടിയായ സജീവ് കണ്ടം ട്രാക്കിലൂടെ നടന്നു. ഇത് ചോദ്യം ചെയ്തപ്പോൾ സജീവ് അസഭ്യം വിളിച്ച്  നീനാ പിന്റോയോട് തട്ടിക്കയറുകയായിരുന്നു.

കായിക താരങ്ങൾക്കുള്ള ട്രാക്കിൽ നടക്കാനെത്തുന്നവർ കയറാൻ പാടില്ല. തടസ്സം സൃഷ്ടിക്കരുത് എന്ന് പറഞ്ഞപ്പോഴാണ് സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റി അംഗമായ സജീവ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതെന്നു കായിക താര ദമ്പതികൾ പറയുന്നു.
പോലീസ് എത്തി, നാളെ പരാതി നൽകിയാൽ വേണ്ടതു ചെയ്യാമെന്ന് പറഞ്ഞ് മടങ്ങിയെന്നും വനിതാ കായിക താരം പരാതിപ്പെടുന്നു. കുറ്റവാളിയെ ഉടൻ പിടികൂടണമെന്നും ഈ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് വനിതാ താരവും ഭർത്താവും സ്റ്റേഡിയത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.

വനിതാ കായിക താരത്തെയും ഭർത്താവിനെയും അശ്ലീല പരാമർശങ്ങൾ നടത്തി അവഹേളിച്ചത്, സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റിയിൽ ജോസ് കെ മാണി എംപിയുടെ പ്രതിനിധിയായ കേരള കോൺഗ്രസ് നേതാവാണ്. ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ ഭാരവാഹി കൂടിയാണ് സജീവ് കണ്ടം. ഇയാളുടെ നിർദ്ദേശപ്രകാരമാണ് സ്റ്റേഡിയത്തിന് ഉള്ളിലെ പല അനധികൃത നിർമ്മാണങ്ങൾക്കും നഗരസഭ അധികൃതരും, ഭരണകൂടവും അനുമതി നൽകിയത്. സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റി അംഗം എന്ന നിലയിൽ ഇയാൾ സ്റ്റേഡിയത്തിന് ഉള്ളിൽ പതിവായി അനധികൃത ഇടപെടൽ നടത്തുന്നതായി പരാതിയുണ്ട്.

Back to top button
error: