KeralaNEWS

പടുതാക്കുളത്തിന് സബ്സിഡി ലഭിക്കാൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിന് പതിനായിരം, ഒടുവിൽ വിജിലൻസിൻ്റെ വലയിൽ; രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം

പെരുവന്താനം (ഇടുക്കി): കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വിജിലൻസ് പിടിയിൽ. കൊക്കയാർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.എൽ ദാനിയേൽ ആണ് പിടിയിലായത്. പടുതാക്കുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകനിൽ നിന്ന് പതിനായിരം രൂപ വാങ്ങുന്നതിനിടെ വിജിലൻസ് പിടി കൂടുകയായിരുന്നു.

കൃഷി ഭവനിൽ നൽകിയ അപേക്ഷ പ്രകാരം പടുതാക്കുളത്തിന് സബ്സിഡി ലഭിക്കാൻ വികസന സമിതിയിൽ പഞ്ചായത്ത് പ്രതിനിധി ആവശ്യം ഉന്നയിക്കണമായിരുന്നു. ഇതിനായി പന്ത്രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദാനിയയേലിനെ സമീപിച്ചപ്പോൾ പതിനായിരം രൂപ നൽകണമെന്നാവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. പണം കൈ മാറുന്നതിനിടെ വിജിലൻസ് സംഘം ദാനിയേലിനെ പിടികൂടുകയായിരുന്നു.

ഇടതു മുന്നണി ഭരിക്കുന്ന കൊക്കയാറ്റിൽ വൈസ് പ്രസിഡന്റിന്റെ അറസ്റ്റ് ഭരണ മുന്നണിക്കേറ്റ രാഷ്ട്രീയ തിരിച്ചടിയായി. കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ ഡാനിയേൽ സി പി ഐ യുടെ നേതാവാണ്. ഇദ്ദേഹത്തിനെതിരെ പരാതി നൽകിയതാവട്ടെ ഡി വൈ എഫ് ഐ എന്തയാർ ഈസ്റ്റ്‌ മേഖലാ സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ മാർട്ടിൻ കുര്യൻ.
പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിൽ എത്തിയ അന്വേഷണ സംഘം ഡാനിയേൽ കൈക്കൂലി വാങ്ങുന്നതിനിടെ കൈക്കൂലിപ്പണം സഹിതം പിടികൂടുകയായിരുന്നു. വിജിലൻസ് ഇടുക്കി ഡിവൈഎസ്പി എ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
പതിറ്റാണ്ടുകളായി സി.പി.എം സിപിഐ വൈര്യം നിലനിൽക്കുന്ന സ്ഥലമാണ് കൊക്കയാർ.
എന്നാൽ നടപടിക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നും സംഘടനാ പ്രവർത്തകനെന്ന നിലയിൽ നേരിട്ട് പരിചയമുണ്ടായിട്ട് പോലും തന്നോട് കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് വിജിലൻസിനെ സമീപിച്ചതെന്നും മാർട്ടിൻ പറയുന്നു.

Back to top button
error: