NEWSWorld

ശ്രീലങ്കയില്‍ പ്രസിഡന്റ് കസേരയ്ക്കായി ചരടുവലിച്ച് പ്രതിപക്ഷ നേതാവും രാജിവച്ച പ്രധാനമന്ത്രിയും

കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും പ്രസിഡന്റ് പദത്തിനായി ചരടുവലി തുടങ്ങി. മൂന്നാം ദിവസവും കൊളംബോയിൽ തന്നെ തുടരുകയാണ് പ്രക്ഷോഭകർ.

അടുത്ത മാസം രാജ്യത്ത് സർവകക്ഷി സർക്കാർ ഉണ്ടാക്കുമ്പോൾ താൻ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടുമെന്ന് പത്ത് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സജിത്ത് പ്രേമദാസ അറിയിച്ചു. 2019 ൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച പ്രേമദാസ അന്ന് പരാജയപ്പെട്ടിരുന്നു. രാജ്യത്ത് സ്ഥിരതയുള്ള ഭരണം നല്കാൻ തനിക്ക് കഴിയുമെന്നു പ്രതിപക്ഷ പാർട്ടി പ്രതിനിധികളോട് അദ്ദേഹം പറഞ്ഞു. എന്നാൽ, ഐഎംഎഫുമായി ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ റെനിൽ വിക്രമസിംഗെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നതാകും നല്ലത് എന്ന അഭിപ്രായവും ചില പാർട്ടികളിൽ ഉയരുന്നുണ്ട്. പാതി മനസോടെ പ്രധാനമന്ത്രി പദം രാജിവെച്ച റെനിൽ വികർമസിംഗെയ്ക്ക് ഇതിനോട് താല്പര്യമുണ്ട്.

കൊളാബോയിലെ പിടിച്ചെടുത്ത ഔദ്യോഗിക വസതികളിൽ മൂന്നാം ദിവസവും തുടരുകയാണ് പ്രക്ഷോഭകർ. ഇവരെ ബലം പ്രയോഗിച്ചു പിരിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ലങ്കൻ സൈന്യം വ്യക്തമാക്കി. പ്രസിഡന്റ് ഗോത്തബയ രജപക്സെ ഒരു അയൽരാജ്യത്താണ്‌ ഇപ്പോൾ ഉള്ളതെന്ന് ലങ്കൻ സ്പീക്കർ ബിബിസി റേഡിയോയുടെ അഭിമുഖത്തിൽ പറഞ്ഞത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇത് ലോകമാധ്യമങ്ങളിൽ വലിയ വാർത്ത ആയതോടെ സ്പീക്കർ മഹിന്ദ അബീയാവധന പ്രസ്താവന തിരുത്തി. തനിക്ക് തെറ്റ് പറ്റിയതാണെന്നും പ്രസിഡന്റ രാജ്യത്തു തന്നെ ഉണ്ടെന്നുമായിരുന്നു തിരുത്ത്.

അതേസമയം ഗോതബയ പുറങ്കടലിൽ കപ്പലിൽ തെന്നെ കഴിയുകയാണ് എന്നാണ് ലങ്കൻ മാധ്യമങ്ങൾ പറയുന്നത്. ലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ ഇന്ത്യ തള്ളി.

Back to top button
error: