KeralaNEWS

”ദിലീപേട്ടനെ കണ്ടപ്പോള്‍ ഓടിപ്പോയി എടുത്ത ഫോട്ടോയാണത്. അതെടുത്ത ഫോണ്‍ കോടതിയിലുണ്ട് ”; ശ്രീലേഖയെ തള്ളി ഫോട്ടോഗ്രാഫര്‍

തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കാന്‍ പോലീസ് ഉണ്ടാക്കിയ വ്യാജ തെളിവാണ് പ്രതികളായ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രമെന്ന തരത്തില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശം തള്ളി ചിത്രം പകര്‍ത്തിയ ആള്‍ രംഗത്ത്. ചിത്രം യഥാര്‍ത്ഥമാണെന്നും അതില്‍ യാതൊരു കൃത്രിമത്വവും നടന്നിട്ടില്ലെന്നും ചിത്രം പകര്‍ത്തിയ ബിദില്‍ പറഞ്ഞു.

‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ക്ലബ് ബാര്‍മാനായി വര്‍ക്ക് ചെയ്തിരുന്ന യുവാവ് ദിലീപിനൊപ്പമുള്ള ഫോട്ടോ എടുത്തത്. ഈ ഫോട്ടോയിലാണ് ലൊക്കേഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നത്. ബിദിലെടുത്ത ചിത്രത്തില്‍ ദിലീപിന്റെ പുറക് വശത്തായി നില്‍ക്കുകയായിരുന്നു പള്‍സര്‍ സുനി.

‘ഷൂട്ടിങ് നടക്കുന്നതിനിടയില്‍ ദിലീപേട്ടനെ കണ്ടപ്പോള്‍ ഓടിപ്പോയി എടുത്ത ഫോട്ടോയാണത്. അപ്പോള്‍ തന്നെ ഫേസ്ബുക്കിലിടുകയും ചെയ്തു. എഡിറ്റോ ഒന്നും ചെയ്തിട്ടില്ല. പിന്നീട് വാര്‍ത്തയില്‍ കണ്ട ശേഷമാണ് ആ ചിത്രത്തില്‍ ദിലീപിനൊപ്പമുള്ളത് പള്‍സര്‍ സുനിയാണെന്ന് അറിഞ്ഞതെന്നും ബിദില്‍ പറഞ്ഞു.

അന്ന് ഫോട്ടോയെടുത്ത് ഫോണ്‍ ഇപ്പോള്‍ കോടതിയിലുണ്ട്. സിഐ സാറിനാണ് ആദ്യം ഫോണ്‍ കാണിച്ചത്. അന്വേഷണത്തിനെത്തിയപ്പോള്‍ ഫോണില്‍ അന്നെടുത്ത ചിത്രങ്ങള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചിരുന്നു. അങ്ങനെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സിഐ ആ സെല്‍ഫി കണ്ടത്. ഇതുസംബന്ധിച്ച് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ഫോണ്‍ ബിദില്‍ പറഞ്ഞു. കേസില്‍ ഇതുവരെ തന്നെ ആരും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബിദില്‍ വ്യക്തമാക്കി.

ദിലീപും പള്‍സര്‍ സുനിയും നില്‍ക്കുന്ന ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതാണെന്നായിരുന്നു വ്ളോഗിലൂടെ ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയത്. ഫോട്ടോഷോപ്പാണെന്ന് കണ്ടാല്‍ തന്നെ അറിഞ്ഞൂടേ എന്ന് താന്‍ ചോദിച്ചപ്പോള്‍, അത് അവിടെയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസുകാരന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെയൊരു തെളിവ് നമുക്കാവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വെറുതെ പറഞ്ഞ കാര്യം അംഗീകരിച്ചുകേട്ടപ്പോള്‍ ഞെട്ടിപ്പോയി എന്നായിരുന്നു ശ്രീലേഖയുടെ വാക്കുകള്‍.

Back to top button
error: