IndiaNEWS

കല്ലേറ്, കയ്യാങ്കളി; മുന്‍ മുഖ്യമന്ത്രിമാരുടെ പോരിനൊടുവില്‍ പനീര്‍ശെല്‍വത്തെ പുറത്താക്കി പാര്‍ട്ടി പിടിച്ച് പളനിസ്വാമി

ചെന്നൈ: അണ്ണാ ഡിഎംകെയുടെ നേതൃത്വം പിടിച്ചെടുക്കാനുള്ള ഒ.പി.എസ്. -ഇ.പി.എസ്. പോരിനൊടുവില്‍ ഒ. പനീര്‍ശെല്‍വത്തെ പുറത്താക്കി പാര്‍ട്ടി പിടിച്ച് എടപ്പാടി പളനിസ്വാമി. ജനറല്‍ കൗണ്‍സില്‍ യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ നിയന്ത്രണം പളനിസ്വാമി പിടിച്ചെടുത്തത്.

രാവിലെ റോയപേട്ടിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ഇപിഎസ്-ഒപിഎസ് അനുകൂലികള്‍ ഏറ്റുമുട്ടിയിരുന്നു. കുറുവടിയും കത്തിയും അടക്കം ആയുധങ്ങളുമായാണ് അണികള്‍ എത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓഫീസിന്റെ മുന്‍വാതില്‍ തകര്‍ത്ത് അണികള്‍ പനീര്‍ശെല്‍വത്തെ അകത്തേക്ക് കൊണ്ടുപോയി. സംഘര്‍ഷം നടക്കുന്നതിനിടെ ഓഫീസിന്റെ മട്ടുപ്പാവില്‍ നിന്ന് ഒപിഎസ് അണികളെ അഭിവാദ്യം ചെയ്തു. ചേരിതിരിഞ്ഞ് നടന്ന ഏറ്റുമുട്ടലില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

അധികാരത്തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിച്ചതിന് പിന്നാലെ ചേര്‍ന്ന യോഗത്തില്‍ പളനിസ്വാമി പക്ഷം പാര്‍ട്ടി പിടിച്ചെടുത്തു. ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പ്രത്യേക പ്രമേയത്തിലൂടെ പനീര്‍ശെല്‍വത്തെ പുറത്താക്കുകയായിരുന്നു. ഒപിഎസിനൊപ്പം, അദ്ദേഹത്തിന്റെ വിശ്വസ്തരായ പി.എച്ച്.മനോജ് പാണ്ഡ്യന്‍, ജെ.സി.ടി.പ്രഭാകരന്‍, ആര്‍.വൈദ്യലിംഗം എന്നിവരെയും പുറത്താക്കിയിട്ടുണ്ട്.

പളനിസ്വാമി പക്ഷം വിളിച്ച യോഗം സ്റ്റേ ചെയ്യണമെന്ന പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി കോടതി അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് നടന്ന 2500 പേര്‍ വരുന്ന ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടിയിലെ ഇരട്ട നേതൃത്വം തള്ളി. ഇതുവരെ പാര്‍ട്ടി കോഡിനേറ്ററായി പനീര്‍ശെല്‍വവും ജോയന്റ് കോര്‍ഡിനേറ്ററായി പളനിസ്വാമിയും തുടര്‍ന്നുവരുകയായിരുന്നു. ഒപിഎസ് വഹിച്ചിക്കുന്ന പാര്‍ട്ടി ട്രഷറര്‍ സ്ഥാനം ദിണ്ടിക്കല്‍ ശ്രീനിവാസന് കൈമാറി.

പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പദവിക്ക് ഒപ്പമായിരുന്നു ട്രഷറര്‍ സ്ഥാനവും പനീര്‍ശെല്‍വം കൈകാര്യം ചെയ്തിരുന്നത്. നാല് മാസത്തിനുള്ളില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്, അണ്ണാ ഡിഎംകെ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എഐഎഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആര്‍ഡിഒ പൂട്ടി മുദ്രവച്ചു.

 

 

Back to top button
error: