IndiaNEWS

വിജയ് മല്ല്യയെ 4 മാസം തടവിന് ശിക്ഷിച്ച് സുപ്രീംകോടതി; അനധികൃതമായി മക്കള്‍ക്ക് കൈമാറിയ പണം തിരിച്ചടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടാനും നിര്‍ദേശം

ദില്ലി: മദ്യ രാജാവ് വിജയ് മല്ല്യയെ 4 മാസം തടവിന് ശിക്ഷിച്ച് സുപ്രീം കോടതി. 2,000 രൂപ പിഴയൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയലക്ഷ്യ കേസിലാണ് നടപടി. കോടതിയില്‍ ഹാജരാകാത്ത വിജയ് മല്ല്യയുടെ നിലപാടില്‍ അമര്‍ഷം രേഖപ്പെടുത്തിയ കോടതി പിഴ അടച്ചില്ലെങ്കില്‍ 2 മാസത്തെ തടവ് കൂടി മല്ല്യ അനുവഭിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി. 2017ലെ കോടതിയലക്ഷ്യ കേസില്‍ വിജയ് മല്ല്യ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി 2016ല്‍ നാടുവിട്ട വിജയ് മല്ല്യ 2017ലാണ് മകളുടെ അക്കൗണ്ടിലേക്ക് 40 ദശലക്ഷം ഡോളര്‍ കൈമാറിയത്. വിദേശ കമ്പനിയായ ഡിയാജിയോയില്‍ നിന്നും സ്വീകരിച്ച പണമാണ് മല്ല്യ മകന്റെയും മകളുടെയും അക്കൗണ്ടിലേക്ക് വകമാറ്റിയത്. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കേ നടത്തിയ ഇടപാടിനെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് എസ്ബിഐ അടക്കമുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ വേളയില്‍ ഒരിക്കല്‍പോലും ഹാജരാകാതിരുന്ന വിജയ് മല്യ കുറ്റക്കാരനെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കോടതി കണ്ടെത്തിയിരുന്നു.

കൈമാറിയ പണം 8 ശതമാനം പലിശയും ചേര്‍ത്ത് നാലാഴ്ചയ്ക്കകം തിരികെ നിക്ഷേപിക്കണം. ഇല്ലെങ്കില്‍ സ്വത്തു കണ്ടുകെട്ടുന്ന നടപടികളിലേക്ക് അധികൃതര്‍ക്ക് കടക്കാമെന്നും കോടതി നിര്‍ദേശിച്ചു. 2016ല്‍ ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ബ്രിട്ടനില്‍ തുടരുന്ന വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ അനുമതിയുണ്ടെന്നും, ബ്രിട്ടന്റെ ചില രഹസ്യ നടപടികള്‍കൂടി അവശേഷിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണ്. വിജയ് മല്യയുടെ ഫ്രാന്‍സിലെ കോടികള്‍ വിലമതിക്കുന്ന ആസ്തികള്‍ ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ് അധികൃതര്‍ കണ്ടുകെട്ടിയിരുന്നു. എസ്ബിഐ ഉള്‍പ്പെടെ 13 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ച് 2 നാണ് രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്ല്യ ലണ്ടനിലേക്ക് കടന്നത്. ബ്രിട്ടനില്‍ അഭയം ചോദിച്ചുള്ള മല്യയുടെ അപേക്ഷ ബ്രിട്ടിഷ് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

Back to top button
error: