LIFEMovie

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടംനേടി ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’

വാഗത സംവിധായിക ഐഷ സുൽത്താനയുടെ ആദ്യ ചിത്രം ഫ്ലഷിന് അംഗീകാരം. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടം നേടിയ ചിത്രം കോഴിക്കോട് കൈരളി തിയറ്ററിൽ ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രദർശിപ്പിക്കും. 16 മുതൽ 18 വരെയാണ് ചലച്ചിത്രമേള. പൂർണമായി ലക്ഷദ്വീപിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ഫ്ലഷ്.

കടലും കരയും ഒരുപോലെ കഥകൾ പറയുന്ന സിനിമയാണ് ഫ്ലഷ്. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തൽ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഈ ചിത്രത്തില്‍ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും സംവിധായിക ഐഷ സുൽത്താന പറയുന്നു.

അതിശക്തമായ നായികാ കഥാപാത്രമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിൾ പോൾ ആണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ കൊച്ചു സിനിമയാണിത്. ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നും നേരിട്ട പല ബുദ്ധിമുട്ടുകളും തരണം ചെയ്താണ് ഈ സിനിമ പൂർത്തിയാക്കാൻ സാധിച്ചതെന്ന് സംവിധായിക പറയുന്നു. “ഞാൻ ഒരു വെള്ളപേപ്പറിൽ നല്ലൊരു ചിത്രം വരച്ചുണ്ടാക്കാനാണ് ലക്ഷദ്വീപിലേക്ക് പോയത്. ചിത്രം വരച്ചു തുടങ്ങിയപ്പോൾ തന്നെ അവര്‍ ആ പേപ്പർ വാങ്ങി ചുരുട്ടിക്കൂട്ടി എനിക്ക് നേരെ തന്നെ എറിഞ്ഞു തന്നു. അതേ പേപ്പർ നിവർത്തിയെടുത്താണ് ഞാനീ ചിത്രം വരച്ചു തീർത്തത്, ഐഷാ സുൽത്താന പറയുന്നു.

ബീന കാസിം നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ ജി രതീഷ് ആണ്, ചിത്ര സംയോജനം നൗഫൽ അബ്‌ദുള്ള, വില്യം ഫ്രാൻസിസും കൈലാഷ് മേനോനുമാണ് സംഗീത സംവിധായകർ. പിആർഒ പി ആർ സുമേരൻ.

Back to top button
error: