NEWSWorld

അക്രമം ഇല്ല കൊള്ളയില്ല; മണിമാളികകളിൽ പാചകവും കളികളും ആഘോഷവുമായി ലങ്കന്‍ പ്രക്ഷോഭകാരികള്‍

കൊളംബോ: ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയിൽ രണ്ട് ദിവസമായിട്ടും സമരക്കാർ പിരിഞ്ഞുപോയിട്ടില്ല. കൊളംബോയിൽ ലക്ഷക്കണക്കിന് പേർ പ്രക്ഷോഭത്തിലാണ്. പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികൾ കയ്യേറിയ സമരക്കാർ അവിടെ തന്നെ തുടരുകയാണ്.

ഗോതബയയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും രാജി പ്രഖ്യാപിച്ച സ്ഥിതിക്ക് , പിരിഞ്ഞുപോകണം എന്ന് സൈനിക മേധാവി പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചെങ്കിലും കാര്യമുണ്ടായിട്ടില്ല. പ്രതിസന്ധിക്ക് താത്കാലിക രാഷ്ട്രീയ പരിഹാരമാണ് ലങ്ക ആദ്യം കാത്തിരിക്കുന്നത്. ഇപ്പോഴത്തെ സ്പീക്കർ മഹിന്ദ അബേയവർധനെ താത്കാലിക പ്രസിഡന്‍റായി ഈ ആഴ്ച തന്നെ അധികാരമേൽക്കും. ബുധനാഴ്ച ഗോതബയ രാജി നൽകും. ഒരു മാസത്തിനുളളിൽ ഇടക്കാല സർക്കാരും പുതിയ പ്രസിഡന്‍റും വരും. ഈ തീരുമാനങ്ങൾക്ക് പക്ഷേ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാൻ കഴിയുമോ എന്നാണ് ലങ്ക ഉറ്റുനോക്കുന്നത്.

അതേ സമയം ഞായറാഴ്ച വിചിത്രമായ കാഴ്ചകൾ ആയിരുന്നു കൊളംബോയിൽ ജനങ്ങൾ കയ്യടക്കിയ മന്ദിരങ്ങളിൽ. നീന്തലും വ്യായാമവും പാചകവും പാട്ടും കളിയുമൊക്കെയായി മണിമാളികകളിൽ പലരും തുടരുകയാണ്. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഔദ്യോഗിക വസതിയായ ‘ടെമ്പിൾ ട്രീ’ കയ്യേറിയ പ്രതിഷേധക്കാർ അവിടെ ക്യാമ്പ് ചെയ്യുകയും കൊളംബോയിലെ പരിസരത്ത് ഭക്ഷണം പാകം ചെയ്യുകയും ചെയ്തു.

“ഞങ്ങൾ പ്രതിഷേധക്കാർ, പാചകം തുടങ്ങി, ഞങ്ങൾ പ്രധാനമന്ത്രിയുടെ വീടിനുള്ളിലാണ്. പ്രധാനമന്ത്രി വിക്രമസിംഗെയുടെയും പ്രസിഡന്റ് രാജപക്‌സെയുടെയും രാജിക്കായി ഞങ്ങൾ സമരം ചെയ്തു. അവർ രാജിവച്ചാൽ മാത്രമേ ഞങ്ങൾ സ്ഥലം വിടുകയുള്ളൂ,” ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വീടിനുള്ളിലെ ഒരു പ്രതിഷേധക്കാരൻ വാര്‍ത്ത് ഏജന്‍സിയായ എഎന്‍എയോട് പറഞ്ഞു.

പ്രതിഷേധക്കാർ പ്രധാനമന്ത്രി വിക്രമസിംഗെയുടെ വസതിയുടെ പരിസരത്ത് കാരംസ് കളിക്കുന്നതും വിശ്രമിക്കുന്നതും അലഞ്ഞുതിരിയുന്നതുമായി വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്‍റ് പ്രധാനമന്ത്രി എന്നിവരുടെ വീടുകളില്‍ നിന്ന് ഒന്നും അപഹരിക്കാതെ തങ്ങളുടെ കൂടെ സ്വത്തായ ഇവയെല്ലാം അനുഭവിക്കുകയാണ് ലങ്കന്‍ പ്രക്ഷോഭകാരികള്‍.

പ്രസിഡന്‍റിന്‍റെ വീട്ടില്‍ നിന്നും ലക്ഷങ്ങളുടെ കറന്‍സി പ്രക്ഷോഭകാരികള്‍ കണ്ടെത്തിയെങ്കിലും അത് കൃത്യമായി എണ്ണി ഇവര്‍ പൊലീസിനെ എല്‍പ്പിച്ചുവെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേ സമയം പ്രക്ഷോഭകാരികളെ പ്രകോപിപ്പിക്കാതെ അവരെ ഒഴിപ്പിക്കാനാണ് സൈന്യം അടക്കം ശ്രമിക്കുന്നത്. ഞായറാഴ്ച കൊളംബോയിലെ ഒരിടത്തും പ്രക്ഷോഭകാരികളെ സൈന്യമോ പൊലീസോ തടഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

Back to top button
error: