CrimeNEWS

200 കോടിയുടെ സാമ്പത്തികത്തട്ടിപ്പില്‍ അകത്തായ സുകേഷിന്റെ കൈയില്‍നിന്ന് 81 ജയില്‍ അധികൃതര്‍ കൈക്കൂലി വാങ്ങിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 200 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ ജയില്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കി അനധികൃത ഇടപാടുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ രോഹിണി ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് 81 ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ജയിലിന് പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതിന് അധികൃതര്‍ ഫോണുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതായും സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യൂ) വ്യക്തമാക്കി.

കൈക്കൂലി നല്‍കിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, സുകേഷ് ചന്ദ്രശേഖര്‍ ജയില്‍ ആശുപത്രിയിലെ നേഴ്സിങ് ജീവനക്കാരുടെ സഹായത്തോടെ തന്റെ അനുയായികളുമായി ബന്ധപ്പെടുന്നതായി വിവരം പുറത്തുവന്നിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തീഹാര്‍ ജയിലിലെ ജീവനക്കാര്‍ തന്റെ പക്കല്‍നിന്ന് 12.5 കോടി രൂപ തട്ടിയെടുത്തതായി ഇയാള്‍ നേരത്തെ ആരോപിച്ചിരുന്നു. ജയില്‍ ജീവനക്കാരില്‍നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നോട് പണം ആവശ്യപ്പെടുന്നെന്നും സുകേഷ് ചന്ദ്രശേഖര്‍ അന്ന് ആരോപണം ഉന്നയിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പും ഉന്നത വ്യക്തികളെ കബളിപ്പിച്ച് പണം തട്ടിയതും അടക്കം നിരവധി കേസുകള്‍ സുകേഷ് ചന്ദ്രശേഖറിനെതിരേ ഉണ്ട്. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായുള്ള സുകേഷിന്റെ സാമ്പത്തിക ഇടപാടകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

Back to top button
error: