CrimeNEWS

അതിക്രമിച്ചുകയറി പീഡിപ്പിച്ചു; തോക്കുചൂണ്ടി ഭര്‍ത്താവിനെ നാടുവിട്ടുപോകാന്‍ ഭീഷണിപ്പെടുത്തി: വീട്ടമ്മയുടെ പരാതിയില്‍ കേസ്; സി.ഐ. ഒളിവില്‍

ഹൈദരാബാദ്: ഭര്‍ത്താവ് നാട്ടില്‍ പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്ന പരാതിയില്‍ ഹൈദരാബാദില്‍ പോലീസുകാരനെതിരേ കേസ്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ നാഗേശ്വര റാവുവിനെതിരേയാണ് പോലീസ് കേസെടുത്തത്.

സംഭവത്തിന് പിന്നാലെ നാഗേശ്വര റാവുവിനെ സസ്പെന്‍ഡ് ചെയ്തതായി ഹൈദരാബാദ് പോലീസ് കമ്മിഷണര്‍ സി.വി ആനന്ദ് അറിയിച്ചു.

ജൂലായ് ഏഴിനായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ നാഗേശ്വര റാവു പീഡിപ്പിക്കുകയായിരുന്നു, ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ നാഗേശ്വര്‍ റാവു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നഗരം വിട്ടുപോകാന്‍ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തിന് ശേഷം യുവതിയേയും ഭര്‍ത്താവിനേയും നാഗേശ്വറ റാവു നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി ഓടിച്ചുപോയി. യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇതിനിടെ അവിടെനിന്നും രക്ഷപ്പെട്ടാണ് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

2018ല്‍ ഒരു കേസില്‍ യുവതിയുടെ ഭര്‍ത്താവിനെ നാഗേശ്വര റാവു അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം 2021 വരെ ഭര്‍ത്താവ് നാഗേശ്വരറാവുവിന്റെ ഫാമില്‍ ജോലി ചെയ്തു. അതുവഴിയാണ് യുവതിയുടെ കുടുംബവുമായി സി.ഐ. പരിചയപ്പെടുന്നത്. നാഗേശ്വര്‍ റാവു മുമ്പും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അന്ന് പരാതി നല്‍കരുതെന്ന് തങ്ങളോട് അദ്ദേഹം അഭ്യര്‍ഥിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

ഒളിവിലുള്ള പ്രതിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Back to top button
error: