NEWSWorld

അനധികൃതമായി പടക്കം പൊട്ടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി: ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അനധികൃതമായി പടക്കം പൊട്ടിച്ചാല്‍ നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇത് അപകടകരമാണെന്നും തീപിടിത്തത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ആഘോഷാവസരങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് വര്‍ധിക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ബോധവല്‍ക്കരണവും ആരംഭിച്ചിട്ടുണ്ട്. വിനോദത്തിന് വേണ്ടി പടക്കങ്ങള്‍ പൊട്ടിക്കുന്നത് പലപ്പോഴും ദുരന്തമായി മാറാറുണ്ടെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് പടക്കങ്ങള്‍ നല്‍കി കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്ന സാമൂഹിക മാധ്യമ സൈറ്റുകളുണ്ടെന്നും മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് സൂചിപ്പിച്ചു.

അതേസമയം അനധികൃതമായി പടക്കങ്ങള്‍ വില്‍പ്പന നടത്തുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് പടക്കം വിറ്റാല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. നിയമലംഘനങ്ങള്‍ കണ്ടാല്‍ 999 എന്ന നമ്പറിലോ 8002626 എന്ന ടോള്‍ ഫ്രീ നമ്പറിലോ വിളിച്ച് അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Back to top button
error: