KeralaNEWS

ജി.എസ്.ടി. നിയമം നടപ്പാക്കിയിട്ടു ആറു വര്‍ഷം; സംസ്ഥാനത്ത് ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാരിനു പദ്ധതിയില്ല

തിരുവനന്തപുരം: രാജ്യത്തു ജി.എസ്.ടി. നിയമം നടപ്പാക്കിയിട്ടു വര്‍ഷം ആറായെങ്കിലും ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു പദ്ധതിയില്ല. പുനഃസംഘടനയില്ലാത്തതാണ് വരുമാന പ്രതിസന്ധിക്കു കാരണമെന്നു ജി.എസ്.ടി. വകുപ്പ് വൃത്തങ്ങള്‍തന്നെ വ്യക്തമാക്കുന്നു. ജി.എസ്.ടി. നഷ്ടപരിഹാരം നിര്‍ത്തലാക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നിരിക്കെയാണു സംസ്ഥാന സര്‍ക്കാരിന്റെ ഈ അനങ്ങാപ്പാറ നയം.

ജി.എസ്.ടി. നിയമം നിലവില്‍ വന്നപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ വകുപ്പ് പുനഃസംഘടനാ നടപടികള്‍ നടപ്പാക്കി. ചില സംസ്ഥാനങ്ങള്‍ വലിയ പരിഷ്‌കാരംതന്നെ നടത്തി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ പരിഷ്‌കാരത്തെക്കുറിച്ചു കേരളം കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതുവരെ വ്യക്തമായ ഒരു നിര്‍ദ്ദേശംപോലും ജീവനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനായിട്ടില്ല എന്നതാണ് കഷ്ടകരം. പരിഷ്‌കാരത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ഈ സര്‍ക്കാര്‍ വന്നശേഷം ജീവനക്കാരുടെ സംഘടനകളുടെ മൂന്നു യോഗം വിളിക്കുകയും നിര്‍ദ്ദേശങ്ങള്‍ ആരായുകയും ചെയ്തു. എന്നാല്‍, തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ മാസം കേന്ദ്രവിഹിതമുള്‍പ്പെടെ ജി.എസ്.ടിയില്‍നിന്ന് 2,769.09 കോടി രൂപ കേരളത്തിനു ലഭിച്ചു. ഇന്ധന നികുതിയില്‍നിന്നുള്ള 2,321.30 കോടി അടക്കം 5,090.48 കോടി രൂപയായിരുന്നു ആകെ ലഭിച്ചത്. ഇതു ചൂണ്ടിക്കാട്ടി ജി.എസ്.ടി. നികുതി വരുമാനത്തില്‍ വളര്‍ച്ചയുണ്ടെന്നു ധനവകുപ്പ് പറയുന്നു. ജി.എസ്.ടി. വളര്‍ച്ച, നിയമത്തില്‍ പറയുന്നതുപോലെ 14% ല്‍ എത്തിയാലും പഴയ ”വാറ്റ് (വാല്യൂ ആഡഡ് ടാക്‌സ്)” കാലത്തെ വരുമാനത്തിലെത്തില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ”വാറ്റ്” കാലത്ത് ”വാറ്റി”നു പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു ലഭിക്കുന്ന പരോക്ഷ നികുതികളും ചേര്‍ന്ന് ഏകദേശം 45% വരെ നികുതി ലഭിച്ചിരുന്നു. ജി.എസ്.ടി. വന്നതോടെ പരോക്ഷ നികുതികള്‍ നിര്‍ത്തലായി. ജി.എസ്.ടി. വരുമാനം 14% ല്‍ എത്തിയാലും ”വാറ്റ്” കാലത്തെ വരുമാനം ലഭിക്കില്ലെന്നു പറയുന്നതിന് അടിസ്ഥാനം ഇതാണ്.

ഇൗ സാഹചര്യത്തിലാണ് ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടനയെന്ന ആശയത്തിനു ശക്തിയേറുന്നത്. ടാക്‌സ് പ്രൈവസി യൂണിറ്റ്, ഓഡിറ്റ് വിഭാഗം, എന്‍ഫോഴ്‌സ്‌മെന്റ് എന്നിങ്ങനെ വകുപ്പിനെ മൂന്നായി തിരിച്ച് ഒരു ഓഫീസറുടെ കീഴില്‍ പ്രവര്‍ത്തിപ്പിക്കാനാണ് മുമ്പു നിര്‍ദ്ദേശം വന്നത്. ഓഡിറ്റ് ഓഫീസുകളെങ്കിലും രൂപവത്കരിക്കണമെന്നു ധനവകുപ്പ് നിര്‍ദ്ദേശം വച്ചിട്ട് ഒരു വര്‍ഷമാെയങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഓഡിറ്റ് ഓഫീസുകള്‍ വന്നാലേ കാര്യക്ഷമമായി കണക്കുകള്‍ പരിശോധിച്ചു നികുതി പിരിവ് സജീവമാക്കാനാകൂ. അതുപോലെ എന്‍ഫോഴ്‌സ്‌മെന്റും അനിവാര്യമാണ്.

താലൂക്ക്തല ഓഫീസുകള്‍ നിര്‍ത്തലാക്കിയുള്ള പരിഷ്‌കരണത്തെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചയെന്നാണ് സൂചന. ഇതിനോടു വകുപ്പില്‍തന്നെ കടുത്ത അതൃപ്തിയാണ്. താലൂക്ക്തല ഓഫീസുകള്‍ നിര്‍ത്തലാക്കുന്നത് ഇടുക്കി, എറണാകുളം പോലുള്ള ജില്ലകളില്‍ തിരിച്ചടിക്കു വഴിവയ്ക്കുമെന്ന് ആശങ്കയുമുണ്ട്. താലൂക്ക്തല ഓഫീസുകള്‍ ജില്ലാതലത്തില്‍ ക്രമീകരിക്കാനാണ് പുതിയ നീക്കം. ജി.എസ്.ടി. വകുപ്പില്‍ ക്ലര്‍ക്കിന്റെ ആവശ്യകത ഇല്ലാതായതോടെ ഇന്‍സ്‌പെക്ടര്‍ മുതലുള്ള തസ്തികകളാണ് പ്രാധാന്യത്തോടെ പരിഗണിക്കേണ്ടത്. നിലവില്‍ ആ തസ്തികകളില്‍ 350ല്‍ പരം ഒഴിവുണ്ട്. അതു നികത്താനും നടപടിയില്ല.

Back to top button
error: