KeralaNEWS

ഹിന്ദുവിരുദ്ധ നിലപാടുകൊണ്ട് കോണ്‍ഗ്രസ് എവിടെയെത്തിയെന്ന് സതീശനോട് വി മുരളീധരന്‍

തിരുവനന്തപുരം: ഗോള്‍വാള്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമര്‍ശിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോണ്‍ഗ്രസ് എവിടെയെത്തിയെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ ആലോചിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. നാല് വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് സതീശന്റെ പ്രസ്താവന. സതീശന്‍ വിചാരധാര വായിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത് എന്നും മുരളീധരന്‍ പ്രതികരിച്ചു.

മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് മുരളീധരന്‍ രംഗത്തെത്തിയത്.ഭരണഘടനയെ വിമര്‍ശിച്ചുള്ള സജി ചെറിയാന്റെ പ്രസംഗം വിവാദമായതിന് പിന്നാലെയായിരുന്നു സതീശന്റെ പ്രസ്താവന. മുമ്പ് മുഖ്യമന്ത്രിയായിരുന്നു ആര്‍എസ്എസിനെ ഇത്തരത്തില്‍ വിമര്‍ശിച്ചത്. അവര്‍ ഒറ്റയ്ക്ക് വോട്ട് കൊണ്ടുപോകേണ്ട എന്ന് കരുതിയാകും സതീശന്റെ നിലപാടെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

ഗോള്‍വാള്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ സതീശന് ആര്‍എസ്എസ് വക്കീല്‍നോട്ടീസ് അയച്ചിരുന്നു. സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ വിചാരധാരയില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്.

Back to top button
error: