NEWS

വീട് പണി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രു വീട് വെക്കാൻ സാധാരണക്കാരൻ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകൾ നമുക്ക് അറിയാം.കണ്ണ് അയൽപക്കത്തേക്കും പെണ്ണുമ്പിള്ള സ്വൈര്യവും തരാത്തിടത്തോളം കാലം കയ്യിലുള്ള കാശ് മുഴുവൻ തീർന്ന് കടം വാങ്ങിയാലും നമ്മുടെ വീടിന്റെ പണി തീരുകയുമില്ല.പണി തീരാത്ത വീടുകളും ഗൃഹനാഥൻമാരുടെ ആത്മഹത്യയും ഇന്ന് സാധാരണ വാർത്തയാണ്.അതുകൊണ്ട് മാത്രം ഇതിവിടെ കുറിക്കുന്നു.വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇത് വലിയ നഷ്ടങ്ങളിൽ നിന്ന് കര കയറാനുള്ള ഒരു മുൻകരുതൽ ആയിരിക്കും.ഓർക്കുക ആഢംബരമല്ല,അടച്ചുറപ്പുള്ളൊരു വീട് മാത്രമാണ് നമ്മുടെ ലക്ഷ്യം.ആരേയും നമുക്ക് ബോധിപ്പിക്കേണ്ട കാര്യവുമില്ല.
1.വില കുറഞ്ഞ വയൽ പോലുള്ള സ്ഥലങ്ങൾ വാങ്ങിയാൽ വീട് വെക്കുമ്പോൾ ആ കുറവ്/ ലാഭം മണ്ണടിച്ചും ഫൗണ്ടേഷനുള്ള അധിക ചെലവിലും ഒലിച്ചു പോയേക്കാം.അതിനു പുറമെ ഇത്തരം സ്ഥലങ്ങൾ മണ്ണിട്ട് നികത്തുന്നതിലുള്ള സർക്കാർ നിയമങ്ങൾ. ചുരുക്കത്തിൽ, സ്ഥലം വാങ്ങുമ്പോൾ ഉണ്ടാവുന്ന ആശ്വാസം നിർമാണം തുടങ്ങിയാൽ ദീര്ഘനിശ്വാസമാവുമെന്ന് സാരം.അതിനാൽ വീട് വയ്ക്കാൻ യോജിച്ച സ്ഥലം കണ്ടെത്തുക എന്നതാണ് ആദ്യം.
 2.സാമ്പത്തികം എത്ര കുറവാണെങ്കിലും താഴ്ന്ന സ്ഥലങ്ങളിൽ തറയുടെ ഉയരം കുറയ്ക്കരുത്.തന്നെയുമല്ല, ഇത്തരം സ്ഥലങ്ങൾ മണ്ണിട്ട് ഉയർത്തിയാൽ നമ്മുടെ വീട് മഴക്കാലത്ത് സ്വിമ്മിങ് പൂൾ ആവും.
3.അടിത്തറ ഇടുന്ന പ്രവർത്തി, കുഴികുത്തി മണ്ണിൽ കല്ല് കുഴിച്ചിടുന്ന വെറുമൊരു കലാ പരിപാടിയല്ല .എന്നാൽ ഉടമസ്ഥർ ഏറ്റവും ലാഘവത്തോടെ കാണുന്നൊരു ഘട്ടവും ഇത് തന്നെയാണ്.അടിത്തറ ഇടുന്നതിൽ വരുന്ന ചിലവ് ലഭിക്കാൻ ശ്രമിക്കരുത്.പണി പാളി പാലും വെള്ളത്തിൽ കിട്ടും
4.വരച്ചു കിട്ടിയ പ്ലാൻ നോക്കിയാൽ പലപ്പോഴും ഒന്നും സാധാരണക്കാരന് മനസിലാവില്ല.എന്തിന് റൂമിന്റെ വലുപ്പം പോലും പിടികിട്ടില്ല ( പ്രത്യേകിച്ച് സ്ത്രീകൾക്ക് ).പണി പൂർത്തിയായാലാണ് പലപ്പോഴും ഇതെന്തു “പ്ലാൻ” എന്ന് ചിന്തിച്ച് അന്തിക്കുക.
5.പ്ലാനിനെ മാത്രം ആശ്രയിക്കാതെ കുടുബത്തിലോ സൗഹൃദ വലയത്തിലോ ഉള്ള വീടുകൾ നേരിട്ട് കണ്ടു നമ്മുടെ ആവശ്യകതകൾ കൂടെ പരിഗണിച്ചു നിർമ്മിച്ചാൽ, അറിയാത്ത പ്ലാനിൽ കെട്ടിപൊക്കുന്നതിനേക്കാൾ നല്ലതാവും.ഒപ്പം ആ വീടുകളിൽ താമസിക്കുന്നവരുടെ അഭിപ്രയങ്ങൾ തേടുക .താമസിച്ചതിനു ശേഷമുള്ള അവരുടെ അഭിപ്രയങ്ങൾ നമുക്ക് പറ്റിയേക്കാവുന്ന തെറ്റുകുറ്റങ്ങൾ ഏറെ ഒഴിവാക്കാൻ സഹായിക്കും . അനുഭവം ഗുരു എന്നാണല്ലോ.
6.സിറ്റ് ഔട്ടിലെ ( കോലായിലെ ) സൺഷേഡ്, സ്റ്റെപ്പുകൾ നനയാത്ത വിധം പുറത്തക്ക് നീട്ടി നൽകാൻ ശ്രമിക്കുക.അല്ലാത്ത പക്ഷം മഴക്കാലത്ത് സ്റ്റെപ്പുകൾ കരഞ്ഞൊലിക്കും, കാൽ വഴുതി വീണ് നമ്മളും കൂടെ കരയും
7.ഏത് മോഡൽ പണിതാലും സൺ ഷെഡ് ആവശ്യമായ ഇടങ്ങളിൽ ഒഴിവാക്കരുത് .ഒഴിവാക്കിയാൽ ചുവര് നനഞ്ഞു വെള്ളം അകത്തും, നമ്മൾ പുറത്തും നിൽക്കേണ്ടി വരും.ഒപ്പം ഇലക്ട്രിക് വയറുകൾ നനഞ്ഞു കറണ്ട് ബില്ല് കണ്ടു കണ്ണ് തള്ളും . വീടിന്റെ പുറത്തുള്ളവർക്ക് “സുന്ദര” കാഴ്‌ച ഒരുക്കാൻ അകത്തുള്ളവർ അനുഭവിക്കണോ ആവോ ? നിങ്ങൾ തീരുമാനിക്കുക.
8.നിലത്ത് വിരിക്കുന്ന ടൈൽസും,മാർബിളും പൊട്ടി വിണ്ടു കീറിയാൽ നമ്മുക്ക് അത് വിരിച്ചവരുടെയോ അല്ലെങ്കിൽ ആ പ്രൊഡക്ടിന്റെ കുഴപ്പമായി തോന്നാം .എന്നാൽ പലപ്പോഴും വില്ലൻ യാതൊരു കരുതലും, ഉറപ്പും ഇല്ലാതെ തറ ഒരുക്കുന്നിടത്താണ്.നാല് തവണ നടക്കുമ്പോഴേക്കും ടൈൽസ് താണുപോകും. ലക്ഷക്കണക്കിന് രൂപയാണ് ഫ്ലോർ ഫിനിഷിംഗിനായി ചിലവഴിക്കേണ്ടി വരുന്നത്. അപ്പോൾ വിലകൂടിയ ടൈലുകൾ വിരിക്കുന്ന നിലം ഗൗരവത്തിൽ എടുക്കണം.
9.ഫ്ലോറിങ്ങിനെ കുറിച്ച് പറഞ്ഞപ്പോഴാണ് പ്രധാനപ്പെട്ട ഒരു കാര്യം ഓർമ്മ വന്നത് . ഏതൊരു വീട്പണിയുടെയും അവസാനമാണ് ഫ്ലോർ വർക്ക് തുടങ്ങുക .അത് കൊണ്ട് തന്നെ അഡ്ജസ്റ്റ്‌ മെന്റിന് കീഴടങ്ങി ക്വാളിറ്റി കുറയ്‌ക്കേണ്ടി വരുന്നതും അതിൽ തന്നെയാവും . വീടിന്റെ നിലം നന്നായാൽ പാതി നന്നായി എന്നാണ് . അതിനാൽ പിന്നീട് ചെയ്യാൻ മാറ്റിവെക്കേണ്ടി വന്നാലും നിലത്ത് വിരിക്കുന്നതിന്റെ ഗുണ നിലവാരത്തിൽ കോംപ്രമൈസിന് നിൽക്കരുത് .
10 തുടച്ചു വൃത്തിയാക്കാൻ മടിയില്ലെങ്കിൽ നിലത്തിന് വൈറ്റ് ഷേഡിലുള്ള ഫ്ളോറിങ് പോലെ ചേരുന്ന മറ്റൊന്നില്ല . അവ വെളിച്ചം നിലനിർത്തും എന്ന് മാത്രമല്ല , ഒരു പോസറ്റീവ് എനർജി നൽകും . അനുഭവം ഗുരു ( ചേറായാൽ പെട്ടന്ന് അറിയും എന്നാണ് വാദം എങ്കിൽ നിങ്ങളുടെ കൊച്ചു ,കുഞ്ഞുങ്ങൾ ആ കനത്ത ചേറിലാണ് ഇഴഞ്ഞു നടക്കുക, നമ്മൾ കാണുന്നില്ല എന്നത് കൊണ്ട് ആ അഴുക്ക് അവിടെ ഇല്ലയെന്നല്ലല്ലോ അർത്ഥം.
11 കോമൺ ബാത്ത്റൂമും , വാഷ് ബേസിനും ഡൈനിങ് ടേബിളിന് സമീപം നൽകരുത് .പണ്ട് ഭക്ഷണത്തിന് അകത്തേക്കും കഴിച്ചത് കളയാൻ പുറത്തേക്കും പോയിരുന്ന നമ്മൾ , ഇന്നതിൽ നേരെ തിരിച്ചാണ്.ഭക്ഷണത്തിന് ഹോട്ടലിനെയും അത് കളയാൻ വീടിനെയും ആശ്രയിക്കുന്നവരാണ് നമ്മൾ. ടോയിലറ്റ് എന്തൊക്കിയിട്ട് വൃത്തിയാക്കി എന്ന് പറഞ്ഞാലും വീടിനുള്ളിൽ അത് ഇറിറ്റേഷൻ ആയി അനുഭവപ്പെടും. റൂമുകൾ , സിറ്റിംഗ് ഹാൾ , അടുക്കള തുടങ്ങിയവയ്ക്ക് ഇരുവശങ്ങളിലും ജനലുകൾ വരുന്നുണ്ടെന്നു പ്ലാൻ വരക്കുമ്പോഴേ ഉറപ്പാക്കണം ജനൽ പാളികൾ ഉണ്ടാക്കുബോൾ , മുകൾ ഭാഗം തുറന്ന് ഇടാൻ കഴിയുന്ന രീതിയിൽ ഒരു പാളി ചെറുത് ഉണ്ടാക്കിയാൽ , കറണ്ട് ഇല്ലാത്ത അവസരങ്ങളിൽ ഉപകാരമാവും. മുൻവാതിലിൽ പന്ത്രണ്ട് താഴുള്ള പൂട്ടു ഫിറ്റ് ചെയുന്ന നമ്മൾ അടുക്കള വാതിൽ ഒരു നട്ടും ബോൾട്ടിലും ഒതുക്കും . കള്ളന് സുഖവും , സുരക്ഷിതവുമായ എൻട്രൻസ്‌, അടുക്കള വാതിൽ ആയിരിക്കെ മാറി ചിന്തക്കേണ്ട സമയം അതിക്രമിച്ചില്ലേ ? . അതേപോലെ ഉള്ളിൽ നിന്നും ബലപ്പെടുത്തേണ്ട വാതിൽ ആണ് സ്റ്റെയര്കേസിനു മുകളിലെ വാതിൽ നിർബദ്ധമായും പട്ടയും കമ്പിയും അടിച്ചു ബലപ്പെത്തുക തന്നെ വേണം.
അടുക്കള എപ്പോഴും വലിയ വലുപ്പം ഉണ്ടാവാത്തതാണ് നല്ലത് . വീതിയെക്കാൾ നീളം അല്പം കൂടിയാൽ കിച്ചനിലെ ടേബിളുകൾക്കിടയിലുള്ള നടത്തത്തിന്റെ ദൈർഘ്യം കുറയും .എത്ര ചെറിയ വീടാണെങ്കിലും ഉള്ളിൽ കയറിയാൽ ഒരു കുടുങ്ങിയ അവസ്ഥ ഫീൽ ചെയ്യരുത് .പാസേജുകൾക്കായി ഒരുപാട് സ്ഥലം നീക്കി വെക്കുന്നത് വലിയ വീടുകളിലും കുറഞ്ഞ സൗകര്യവും സൃഷ്ടിക്കും.ഇലക്ക്‌ട്രിക്ക് പ്ലാൻ , പ്ലബിംങ് പ്ലാൻ ( ഇത് ആരും ചെയ്യാൻ പോവുന്നില്ല. പക്ഷെ പറയാതെ വയ്യ )
നമ്മുക്ക് അധികവും രണ്ടു പ്ലാനെ കാണു. എങ്ങിനെയെങ്കിലും വീട് വെക്കാനുള്ള തത്രപ്പാട് പ്ലാനും, എൻജിനീയർ വരച്ചു തരുന്ന സ്ട്രക്റ്ററൽ പ്ലാനും .അത് കൊണ്ട് തന്നെ മേൽപ്പറഞ്ഞ രണ്ടു പ്ലാനുകളും നമ്മുടെ ചിന്തകൾക്ക് പുറത്താണ്.
ഇത് നമ്മുടെ ആവശ്യങ്ങൾ പറഞ്ഞു വരപ്പിച്ചു വയറിങ് ചെയുന്നവർക്ക് കൊടുക്കണം .അല്ലാത്ത പക്ഷമുള്ള കോട്ടങ്ങൾ താഴെപ്പറയാം. വീട്ടിനകത്ത് വള്ളിപ്പടർപ്പ് പോലെ എക്സ് സ്‌റ്റെൻഷൻ വയർ തലങ്ങും വിലങ്ങും പടർന്നു പന്തലിക്കും .ഫ്രിഡ്ജ് വെക്കാൻ ഉദ്ദേശിച്ചിടത്ത്, മോട്ടറും,മോട്ടർ ഉദ്ദേശിച്ചിടത്ത് മിക്സിയും വരും .കിടക്കുന്ന കട്ടിലിൽ തന്നെ ഇസ്തിരിപ്പെട്ടിയുമായി ശരണം പ്രാപിക്കേണ്ടി വരും ബാത്‌റൂമിൽ കടന്നതിനു ശേഷം ഇരുട്ടിൽ സ്വിച്ച് തപ്പി കുഴങ്ങേണ്ടി വരും പണിക്കാർ അവരുടെ എളുപ്പത്തിന് അനുസരിച്ചു വയർ വിലിച്ചും,സാധനങ്ങൾ വാങ്ങി കൂട്ടിയും ബഡ്‌ജറ്റ്‌ കൂട്ടും.
ഇനി പ്ലംബിംഗ് പ്ലാൻ
ഇതില്ലെങ്കിൽ പണി പാളുന്നത് കുളിമുറിയിലും, അടുക്കളയിലുമാത്രമായിരിക്കില്ല , കാൽ കഴുകാൻ പുറത്ത് വെക്കുന്ന പൈപ്പ് പോലും അസ്ഥാനത്താവാം വലിയ ടോയിലറ്റ് പണിത് , അതിലെ യൂറോപ്യൻ ക്ളോസ്റ്റ് അടക്കം, എല്ലാ ഫൈറ്റിങ്ങ്ങ്സുകളും ഒട്ടും അകലമില്ലാതെ വെച്ചാൽ ,കുളിക്കുമ്പോൾ വെള്ളം ക്ളോസറ്റിൻമേൽ വീണ് നമ്മുടെ ദേഹത്തേക്ക് തെറിക്കും.അതൊരു വല്ലാത്ത ഈർഷ്യയാണ്.വേസ്റ്റ് വെള്ളം പുറത്തേക്ക് പോവാനുള്ള കുഴി , കുളിക്കാനുള്ള പൈപ്പിനടുത്ത് തന്നെ സ്ഥാപിച്ചാൽ വഴുക്കൽ കൂടും എന്ന് മാത്രമല്ല, അതിൽ വീഴുന്ന വെള്ളം നമ്മുടെ ശരീരത്തിലേക്ക് തെറിക്കുന്നതിലൂടെ കുളിച്ച ഫീൽ അങ്ങ് പോയിക്കിട്ടും.
പ്ലമ്പിങ് പ്ലാൻ നമ്മുടെ ഉപയോഗത്തിനും സൗകര്യത്തിനും അനുസരിച്ചു ചർച്ച ചെയ്ത് വരപ്പിച്ചാൽ ലക്ഷകണക്കിന് രൂപ ചെലവഴിച്ച കംഫർട്ട് റൂമ് കംഫർട്ടായി തന്നെ ഉപയോഗിക്കാം അതായത് ഒരു തരം അസ്വസ്ഥത അനുഭവിക്കേണ്ടി വരില്ലയെന്ന് സാരം ബാത്റൂമുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ബഡ്ജറ്റ് കുത്തനെ ഉയരും . ആളെണ്ണം/മുറിയുടെ എണ്ണം നോക്കി  ബാത്ത്റൂം വേണോ എന്ന് ചിന്തിക്കുക .ഇനി കുറച്ചു പൊതുവിൽ ഉള്ള കാര്യങ്ങൾ പറയാം വലിയ വീടുകൾ എന്നാൽ സൗകര്യങ്ങൾ കൂടിയ വീടാവണമെന്നില്ല . ആ ധാരണ മാറ്റിയെ തീരൂ. ആവശ്യമുണ്ടെങ്കിൽ മാത്രം ഇരു നില വീടുകൾ വെയ്ക്കുക .മുകൾ തട്ട് ആവശ്യമില്ലാത്ത പക്ഷം ഒഴിവാക്കാം.
വീട് പണി തുടങ്ങുമ്പോൾ തന്നെ ലോൺ എടുക്കാതിരിക്കുന്നതാണ് നല്ലത് കാരണം , അടവും , വീട്ട് ചിലവും പലപ്പോഴും അടവ് മുടക്കി , തടവറയിലാക്കും . അതോടെ പണി പകുതിക്ക് നിലയ്ക്കും മെറ്റീരിയലുകൾ കഴിവതും സംഭരിച്ചു വെച്ചതിന് ശേഷം വീട് പണി തുടങ്ങാൻ കഴിഞ്ഞാൽ,അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റത്തിൽ നിന്നും രക്ഷപ്പെടാം . ഒപ്പം, ലേബർ ചാര്ജും, മെറ്റീരിയൽ ചാർജ്ജും ഒരുമിച്ച് വഹിക്കേണ്ടി വരുമ്പോൾ നേരിടുന്ന “ശ്വാസതടസം” ഒഴിവാകുകയും ചെയ്യാം. ഒരു വീട് എങ്ങിനെ ഉള്ളതാവണം എന്ന് ചോദിച്ചാൽ .ഏതൊരു വീടും സുരക്ഷിതത്ത്വത്തിന്റെ മടിത്തട്ടിലേക്ക് സ്നേഹത്തോടെ നമ്മെ മാടി വിളിക്കുന്നതാവണം.ആ തണലിലേക്ക് കയറിന്നാൽ, അതിന്റെ മടിത്തട്ടിൽ തലചായ്ക്കാൻ കൊതിക്കുന്നതാവണം .കറന്റ് പോയാൽ ജനിലൂടെ അടുത്ത വീട്ടിലേക്ക് നോക്കി അവിടെയും ഇല്ലായെന്ന് സമാധാനിക്കുന്ന ഞാൻ അടക്കമുള്ള മലയാളി അടുത്ത വീടിനേക്കാൾ വലുപ്പമുള്ളത് വെക്കുന്നതിൽ നിർവൃതി കൊള്ളാതെ . സ്വന്തം ആവശ്യങ്ങളും , നീക്കിയിരിപ്പും തിരിച്ചറിഞ്ഞു വീട് പണിതാൽ കിടപ്പാടത്ത് കടമില്ലാതെ സ്വസ്ഥമായി കിടന്നുറങ്ങാം!

Back to top button
error: