KeralaNEWS

വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതി നാട്ടിലാകെ പാട്ടായി, പക്ഷേ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഷാഫി പറമ്പില്‍ മാത്രം അറിഞ്ഞില്ല

യൂത്ത് കോൺഗ്രസ് ‘യുവ ചിന്തൻ ശിബിര’ത്തിൽ വനിതാ നേതാവ് നൽകിയ പീഡനപരാതിയുടെ പകർപ്പ് പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് നല്‍കിയ പരാതിയില്‍ യുവതി ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.
ശംഭു പാല്‍ക്കുളങ്ങര എന്നറിയപ്പെടുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് എച്ച്‌ നായർ തന്നെ ക്യാമ്പില്‍ വെച്ച്‌ അപമാനിച്ചതായി യുവതി പരാതിയില്‍ പറയുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ തനിക്കെതിരെ ശംഭുവിന്റെ ലൈം​ഗികാതിക്രമ ശ്രമം തുടര്‍ന്നെന്നും പിന്നോക്ക വിഭാഗത്തില്‍പെട്ട വനിതാ നേതാവ് അക്കമിട്ട് പറയുന്നുണ്ട്.

എന്നാൽ സംസ്ഥാന നേതൃത്വത്തിന് ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് സഹപ്രവര്‍ത്തക സംഘടനയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ എം.എൽ.എ പറഞ്ഞു.

“എല്ലാം പറയേണ്ടത് പെണ്‍കുട്ടിയാണ്. സഹപ്രവര്‍ത്തക ദേശീയ നേതൃത്വത്തിന് നല്‍കിയ പരാതിയിലും പീഡന പരാമര്‍ശമില്ല. അച്ചടക്കലംഘന പരാതിയാണ് ചൂണ്ടിക്കാട്ടിയത്, പീഡന പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാം. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സഹപ്രവര്‍ത്തക സംഘടനയ്ക്ക് കത്തുനല്‍കിയിട്ടുണ്ട്…”

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് കൂടിയായ ഷാഫി പറമ്പില്‍ വസ്തുതകളെ ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്.

“രണ്ടാം തീയതിയായിരുന്നു ആദ്യ അപമാനിക്കല്‍. വാഷ് റൂമില്‍ വച്ച്‌ മോശമായി പെരുമാറി. സഹകരിക്കണമെന്നും ശംഭു ആവശ്യപ്പെട്ടു. കിടക്ക പങ്കിടണമെന്ന തരത്തില്‍ അശ്ലീലം സംസാരിച്ചു. മദ്യപിച്ചായിരുന്നു ശംഭു എത്തിയത്. അടുത്ത ദിവസം വീണ്ടും മദ്യപിച്ച്‌ യോഗത്തിന് ശംഭു എത്തി. ഇതിനെ നേതാക്കള്‍ ചോദ്യം ചെയ്തു. ഇതോടെ എന്റെ നേര്‍ക്ക് ശംഭു തിരിഞ്ഞു.
തലേ ദിവസം വാഷ് റൂമില്‍ നടന്നത് നേതാക്കളോട് ഞാന്‍ പറഞ്ഞു എന്ന തെറ്റിധാരണയിലായിരുന്നു ആക്രമണം. ഉച്ചഭക്ഷണ സമയത്തായിരുന്നു ഇതുണ്ടായത്. എന്റെ മാറിടത്തില്‍ ബലമായി തള്ളുകയും ഇത് നിനക്കുള്ള അവസാന മുന്നറിയിപ്പാണെന്ന് പറയുകയും ചെയ്തു… ”
വനിതാ നേതാവ് പറയുന്നു. ലൈംഗിക അധിക്ഷേപമെന്ന വാക്കും പരാതിയിലുണ്ട്.
എന്തായാലും ഒടുവിൽ ശംഭു പാല്‍ക്കുളങ്ങരയെ യൂത്ത് കോണ്‍ഗ്രസ് സംഘടനയില്‍ നിന്ന് പുറത്താക്കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാല്‍ക്കുളങ്ങരയില്‍ മത്സരിച്ച്‌ മൂന്നാം സ്ഥാനത്ത് പോയ നേതാവാണ് ശംഭു.

Back to top button
error: