BusinessTRENDING

തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം; നേട്ടം നിലനിര്‍ത്തി വിപണികള്‍

സെന്‍സെക്സ് 303 പോയിന്റും നിഫ്റ്റി 88 പോയിന്റും ഉയര്‍ന്നു

ഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. നേട്ടത്തോടെ ആരംഭിച്ച വ്യാപാരത്തിന്റെ ഇടവേളയില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും വിട്ടുകൊടുക്കാന്‍ ‘കാളക്കൂറ്റന്മാര്‍’ വിസമ്മതിച്ചതോടെ പ്രധാന സൂചികകള്‍ മുന്നേറ്റത്തിന്റെ പാതയിലേക്ക് അവസാനം മടങ്ങിയെത്തി. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 88 പോയിന്റ് ഉയര്‍ച്ചയോടെ 16,221-ലും സെന്‍സെക്സ് 303 പോയിന്റ് നേട്ടത്തോടെ 54,482-ലും ക്ലോസ് ചെയ്തു.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിയുന്നതും മുന്‍ ആഴ്ചകളേക്കാള്‍ വിദേശ നിക്ഷേപകരുടെ വില്‍പനയുടെ കാഠിന്യം കുറഞ്ഞതും നേട്ടത്തോടെ ഈ വ്യാപാര ആഴ്ച പൂര്‍ത്തിയാക്കാനും സഹായിച്ചു. ഇതിനോടൊപ്പം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കോര്‍പ്പറേറ്റ് കമ്പനികളുടെ ഒന്നാം പാദഫലം സംബന്ധിച്ച പ്രതീക്ഷകളും വിപണിക്ക് കരുത്തേകുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് പ്രധാന സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇന്ന് ട്രേഡ് ചെയ്യപ്പെട്ട 2,149 ഓഹരികളില്‍ 1,132 എണ്ണവും നേട്ടം സ്വന്തമാക്കി. ബാക്കി 937 ഓഹരികള്‍ നഷ്ടത്തോടെയും 80 ഓഹരികളില്‍ മാറ്റമൊന്നും ഇല്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ ആകെ ഓഹരികളിലെ മുന്നേറ്റവും ഇടിവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.21-ലേക്ക് താഴ്ന്നു. ഇന്നലെ എഡി അനുപാതം 2.44 നിലവാരത്തിലായിരുന്നു. കഴിഞ്ഞ ദിവസത്തില്‍ നിന്നും എഡി റേഷ്യോ താഴ്ന്നത് ആഴ്ചയവസാനം കണക്കാക്കിയുള്ള നിക്ഷേപകരുടെ ജാഗ്രതയും പ്രവര്‍ത്തന ഫലം പ്രസിദ്ധീകരിക്കുന്നതിന് മുന്നേയുള്ള ലാഭമെടുപ്പുമാണ്.

എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 2 എണ്ണം ഒഴികെ ബാക്കി 13 സൂചികകളും ഇന്ന് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. മെറ്റല്‍, റിയാല്‍റ്റി വിഭാഗം സൂചികകളാണ് നഷ്ടം നേരിട്ടത്. എന്നാല്‍ നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി, ഹെല്‍ത്ത്കെയര്‍ സൂചികകള്‍ 0.50 ശതമാനത്തിലധികം നേട്ടത്തോടെ ക്ലോസ് ചെയ്തു. തേസമയം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ വ്യാപാരത്തിനിടെ 29 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ 11 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു. ഇതിനിടെ 91 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 39 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച നിഫ്റ്റി-50 സൂചികയിലെ 32 ഓഹരികള്‍ നേട്ടത്തിലും 17 എണ്ണം നഷ്ടത്തിലും ഒരെണ്ണം മാറ്റമൊന്നും രേഖപ്പെടുത്താതെയും ക്ലോസ് ചെയ്തു.

 

Back to top button
error: