IndiaNEWS

”ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണം സര്‍…” വിവോയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരേ കോടതിയില്‍

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവോയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ വിവോ ഇന്ത്യ വെള്ളിയാഴ്ച ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വെള്ളിയാഴ്ച, മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയാണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ഇഡി അന്യായമായി ബ്ലോക്ക് ചെയ്തതായി ഹര്‍ജിയില്‍ വിവോ പറയുന്നു.

ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരുടെ ബെഞ്ചിലാണ് വിവോയുടെ ഹര്‍ജി. ഇന്ത്യയില്‍ 9000 പേര്‍ വിവോയുടെ ജോലിക്കാരാണെന്നും അവരോട് കമ്പനിക്ക് ഉത്തരവാദിത്വമുണ്ടെന്നും വിവോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജിയുടെ അടിയന്തരാവസ്ഥ പരിഗണിച്ച് ഈ കേസ് ഇന്ന് തന്നെ കേള്‍ക്കാന്‍ ഹൈക്കോടതി ബെഞ്ച് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വാദത്തില്‍ ഇഡിയുടെ നടപടികള്‍ വിവോയ്ക്ക് വലിയ നഷ്ടം ഉണ്ടാക്കുമെന്നും ഇത് കമ്പനിയുടെ പേരിനെയും ബിസിനസ്സ് പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുവെന്നും വിവോ ഇന്ത്യ പറഞ്ഞു.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിവോയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കൂടാതെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നടത്തുന്ന വിവോയുടെ നിലവിലുള്ളതോ ഭാവിയിലോ ഉള്ള ബിസിനസ്സ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും ഹര്‍ജിയില്‍ പറയുന്നു. ‘വിവോയുടെ ബാങ്ക് അക്കൗണ്ടുകളിലെ മരവിപ്പിച്ച് നിര്‍ത്തിയാല്‍ വിവിധ നിയമങ്ങള്‍ പ്രകാരം സര്‍ക്കാറിലേക്ക് അടക്കേണ്ട കുടിശ്ശിക അടയ്ക്കാന്‍ കഴിയില്ല, ഇത് ഹരജിക്കാരനെ കൂടുതല്‍ നിയമലംഘനത്തിലേക്ക് നയിക്കും. ബാങ്ക് അക്കൌണ്ട് മരവിപ്പിക്കുന്നത് വിവോ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ പ്രശ്‌നമുണ്ടാക്കും’ – വിവോ വാദിച്ചു.

അതേ സമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത് അനുസരിച്ച്, ഗ്രാന്‍ഡ് പ്രോസ്പെക്റ്റ് ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് പോലെയുള്ള വിവോ ഇന്ത്യയുടെ ഏതാണ്ട് 23 അനുബന്ധ സ്ഥാപനങ്ങള്‍ കമ്പനിക്ക് വന്‍ തുക കൈമാറിയെന്നും മൊത്തം വില്‍പ്പനയില്‍ നിന്ന് ലഭിച്ച 1,25,185 കോടി രൂപയില്‍ നിന്ന് ഏകദേശം 50 ശതമാനത്തോളം 62,476 കോടി രൂപ ഇന്ത്യയില്‍ നിന്നും കടത്തിയെന്നുമാണ് ആരോപണം. ഇത് പ്രധാനമായും ചൈനയിലേക്കാണ് എന്നാണ് ഇഡി പറയുന്നത്. ഇന്ത്യന്‍ ഇന്‍കോര്‍പ്പറേറ്റഡ് ബിസിനസ്സുകള്‍ ഇവിടെ നികുതി അടയ്ക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ഈ ഇടപാടുകള്‍ നടത്തിയത് എന്നാണ് ഇഡി പറയുന്നത്.

Back to top button
error: