KeralaNEWS

നടുവേദനയ്ക്ക് ക്യാന്‍സര്‍ മരുന്ന് നല്‍കി, രോഗി മരിച്ചു; പാലക്കാട് തങ്കം ആശുപത്രിയിലെ ചികിത്സാ പിഴവുകൾക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ

   പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും ഗുരുതരമായ ആരോപണം. ആലത്തൂര്‍ സ്വദേശി സാവിത്രിയുടെ മരണം ആശുപത്രിയില്‍ മരുന്ന് മാറി നല്‍കിയതിന്റെ പാര്‍ശ്വഫലം മൂലമാണ് എന്നാണ് ആരോപണം. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ സാവിത്രിക്ക് ആശുപത്രിയില്‍ നിന്നും നല്‍കിയത് ക്യാന്‍സറിന്റെ മരുന്നാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും കഴിഞ്ഞ ദിവസമാണ് ഇതേ ആശുപത്രിയിൽ മരണപ്പെട്ടത്. നവജാതശിശുവിൻ്റെയും അമ്മയുടെയും മരണത്തിൽ ദുരുഹതയുണ്ടെന്നു ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
തൊട്ടടുത്ത ദിവസം തങ്കം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോങ്ങാട് സ്വദേശി കാര്‍ത്തിക ശസ്ത്രക്രിയയ്ക്കിടെ മരിച്ചു. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഭിന്നശേഷിക്കാരിയായ കാർത്തികയുടെ മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സാവിത്രിയിൽ മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതി നല്‍കി ഒരുവര്‍ഷമായിട്ടും പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കുടുംബം പറയുന്നു. 2021 ഫെബ്രുവരി 5 നാണ് നടുവേദനയെ തുടര്‍ന്ന് സാവിത്രിയെ തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ സാവിത്രിക്ക് മരുന്ന് മാറി നല്‍കി. ഇതോടെ ശരീരം മുഴുവന്‍ പുണ്ണ് വന്ന് അത്യാഹിതത്തിലായി. രക്തം വന്ന് ആഹാരം പോലും കഴിക്കാന്‍ പറ്റാതായി. നടുവേദനയ്ക്ക് നല്‍കിയത് ക്യാന്‍സറിനുള്ള മരുന്നായിരുന്നുവെന്ന് പിന്നീട് മറ്റൊരു ആശുപത്രിയില്‍ നിന്ന് ഇവര്‍ അറിയുകയായിരുന്നു. തങ്കം ആശുപത്രിക്കാര്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ പറയുന്നു.

തങ്കം ആശുപത്രിയിലെ ചികിത്സാ പിഴവുകളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നു വന്ന പശ്ചാത്തലത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.

Back to top button
error: