IndiaNEWS

ഇസ്ലാം മതത്തിനെതിരെ ട്വീറ്റുമായി വീണ്ടും ബി.ജെ.പി. നേതാവ്; പുറത്താക്കി

ഗുരുഗ്രാം: മതനിന്ദ നടത്തിയ നേതാവിനെതിരേ നടപടിയെടുത്ത് ഹരിയാന ബി.ജെ.പി. ഇസ്ലാം മതത്തിനെതിരെ അപകീര്‍ത്തികരമായി ട്വീറ്റ് ചെയ്തതിന് ബിജെപിയുടെ ഹരിയാന യൂണിറ്റ് ഐടി സെല്‍ ചുമതലയുള്ള അരുണ്‍ യാദവിനെപാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇയാളുടെ ട്വീറ്റുകള്‍ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പ്രചാരണവും ശക്തമാണ്.

യാദവിന്റെ 2017 മുതലുള്ള ട്വീറ്റുകളാണ് വിവാദത്തിലായത്. ട്വീറ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

അരുണ്‍ യാദവിനെ പുറത്താക്കിയ കത്തില്‍ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നുവെന്ന് മാത്രമാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ഒ പി ധങ്കര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ നാല് വര്‍ഷം പഴക്കമുള്ള ട്വീറ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ അരുണ്‍ യാദവിനെയും അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ടിവി ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രവാചക നിന്ദയുടെ പേരില്‍ പാര്‍ട്ടി വക്താവായ നൂപുര്‍ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്തതിനും നവീന്‍ ജിന്‍ഡാലിനെ പുറത്താക്കിയതിനും പിന്നാലെയാണ് അരുണ്‍ യാദവിനെയും പുറത്താക്കിയത്.
നൂപുര്‍ ശര്‍മയുടെ പ്രവാചക പരാമര്‍ശം രാജ്യത്തുടനീളവും ഗള്‍ഫ് രാജ്യങ്ങളിലും പ്രതിഷേധത്തിന് കാരണമായിരുന്നു.

Back to top button
error: