NEWS

കാളീദേവിയെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നു: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര

കൊൽക്കത്ത: കാളീദേവിയെക്കുറിച്ച്‌ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.

താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തന്റെ വിശ്വാസ സങ്കല്‍പ്പത്തിന്റെ മുകളില്‍ ഉത്തരേന്ത്യന്‍ സങ്കല്‍പ്പങ്ങളെ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു.

കാളിയെന്നാല്‍ തന്റെ സങ്കല്‍പത്തില്‍ മാംസഭുക്കായ, മദ്യം സേവിക്കുന്ന ദേവതയാണെന്നും തന്റെ ദേവിയെക്കുറിച്ച്‌ ഭക്തര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ സങ്കല്‍പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ചില പ്രദേശങ്ങളില്‍ ദേവന്‍മാര്‍ക്ക് വിസ്‌കി നേര്‍ച്ചയായി നല്‍കുമ്ബോള്‍ മറ്റിടങ്ങളില്‍ അതിനെ ഈശ്വരനിന്ദയായി കാണാറുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം മതവികാരം വ്രണപ്പെടുത്തിയതിന് ചലചിത്ര സംവിധായിക ലീന മണിമേഖലയ്ക്കെതിരെ കേസ്. ലീനയുടെ പുതിയ ഡോക്യുമെന്ററിയില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, മതവികാരം മനഃപ്പൂര്‍വ്വം വ്രണപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ലീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ലീന മണിമേഖല തന്റെ പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ ഇന്‍സ്‌ററഗ്രാമില്‍ പങ്കുവെച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. പോസ്റ്ററില്‍ കാളീ ദേവിയുടെ വേഷത്തിലുള്ള സ്ത്രീ സിഗരറ്റ് വലിക്കുന്ന ചിത്രമാണ് നല്‍കിയിട്ടുള്ളത്. പശ്ചാത്തലത്തില്‍ എല്‍ജിബിടി സമൂഹത്തിന്റെ ഫ്‌ലാഗും നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.

ഡോക്യുമെന്റി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗോമഹാസഭാധ്യക്ഷന്‍ അജയ് ഗൗതം ഡെല്‍ഹി പൊലീസിലും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്‍കി. ലീനയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ വീനിത് ജിന്‍ഡാലും പരാതി നല്‍കിയിട്ടുണ്ട്.

 

 

 

കാളീ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ നേരത്തേയും വിവാദത്തിലായിരുന്നു. ഇത്തരത്തില്‍ പ്രകോപനപരമായ കാര്യങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും ഡോക്യുമെന്ററിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

Back to top button
error: