CrimeKeralaNEWS

സ്വന്തം പാര്‍ട്ടിയില്‍ ആയിപ്പോയി, അല്ലെങ്കില്‍ കാണാമായിരുന്നു… നേതാവ് അശ്‌ളീലമായി പെരുമാറിയെന്ന് വനിതാ നേതാവ്; പരാതി പോലീസിന് കൈമാറാതെ എം.എല്‍.എ. അധ്യക്ഷനായ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം

പാലക്കാട്: ജില്ലാ നേതാവായ യുവതിയോട് സംസ്ഥാന നിര്‍വാഹക സമിതി അംഗം മോശമായി പെരുമാറിയെന്ന പരാതി ലഭിച്ചിട്ടും പോലീസിന് കൈമാറാതെ ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനായ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. പാലക്കാട്ട് നടന്ന ചിന്തന്‍ ശിബിരത്തില്‍ വെച്ച് സംസ്ഥാന നേതാവ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് പരാതിപ്പെട്ടിരുന്നു. മദ്യപിച്ചെത്തി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ സംഭവത്തില്‍ ആരോപണ വിധേയനെ സംഘടനയില്‍നിന്ന് പുറത്താക്കിയെങ്കിലും പരാതി പോലീസിന് കൈമാറിയില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ക്യാമ്പിലെ മോശം പെരുമാറ്റത്തിന്‍െ്‌റ പേരില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗമായ വിവേക് ആര്‍ നായരെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി ദേശീയ സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു.

സംഘടനയുടെ അധ്യക്ഷന്‍ ഉത്തരവാദിത്തപ്പെട്ട ഒരു എം.എല്‍.എ. ആയിട്ടും പരാതി പോലീസിന് കൈമാറാത്തത് ഇരട്ടത്താപ്പ് വെളിവാക്കുന്നതാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പാലക്കാട്ട് സിപിഎം നേതാവും എംഎല്‍എയുമായിരുന്ന ശശിക്കെതിരെ പീഡന പരാതി ഉയര്‍ന്ന ഘട്ടത്തില്‍, ഇത് പൊലീസിന് കൈമാറാതിരുന്നതിനെ ഷാഫി പറമ്പില്‍ ചോദ്യം ചെയ്തിരുന്നു. എംസി ജോസഫൈന്‍ പാര്‍ട്ടി കോടതി പരാമര്‍ശം നടത്തിയപ്പോഴും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വലിയ തോതില്‍ അതിനെ കളിയാക്കുകയും വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.

ഇതിനു നേതൃത്വം നല്‍കിയ ഷാഫിയുടെ തന്നെ നേതൃത്വത്തില്‍ പാലക്കാട്ട് നടന്ന ചിന്തന്‍ ശിബിരത്തിലാണ് വനിതാ നേതാവിന് മോശം അനുഭവം ഉണ്ടായത് എന്നും മറ്റു കേസുകളില്‍ എടുക്കുന്ന നിലപാട് എന്തുകൊണ്ട് സംഘടനയിലെ തന്‍െ്‌റ സഹപ്രവര്‍ത്തകയ്ക്കു ദുരനുഭവം ഉണ്ടായിട്ട് സ്വീകരിക്കുന്നില്ല എന്നുമാണ് എം.എല്‍.എയ്ക്ക് എതിരേ ഉയരുന്ന ചോദ്യം. നേതാവിനെ പുറത്താക്കിയത് സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള താല്‍ക്കാലിക നീക്കമാണെന്നും കരുതുന്നവരുണ്ട്. പുറത്താക്കപ്പെട്ട നേതാവ് മുമ്പും അച്ചടക്കവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തല്‍.

യൂത്ത് കോണ്‍ഗ്രസിന്റെ പരിശീലന ക്യാമ്പായിരുന്നു ഇത്. ജില്ലാ നേതാവായ യുവതിയോട് സംസ്ഥാന നിര്‍വാഹക സമിതി അംഗമായ വിവേക് ആര്‍ നായര്‍ മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറുകയായിരുന്നു. ആവര്‍ത്തിച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് വിവേക് ആര്‍ നായര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തത്.

വിഷയത്തില്‍ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും, സംഭവത്തില്‍ പ്രതികരിക്കാന്‍ പെണ്‍കുട്ടി തയ്യാറല്ല. വിഷയത്തില്‍ പാര്‍ട്ടിയും സംഘടനയും തീരുമാനമെടുക്കുമെന്നും തനിക്കൊന്നും പറയാനില്ലെന്നുമാണ് പെണ്‍കുട്ടിയുടെ മറുപടി.
ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കുന്ന പരാതിയുടെ പകര്‍പ്പ് പ്രചരിക്കുന്നുണ്ടെങ്കിലും ഇത് തന്നെയാണോ പരാതിയെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ ചിന്തന്‍ ശിബിരത്തിനകത്ത് നടന്ന കാര്യങ്ങള്‍ ഇതിനകത്ത് പറയുന്നുമുണ്ട്.

Back to top button
error: