BusinessTRENDING

സൈബര്‍ ആക്രമണങ്ങള്‍ ആറ് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം

ദില്ലി: കെവൈസി രജിസ്ട്രേഷന്‍ ഏജന്‍സികളോട് എല്ലാ സൈബര്‍ ആക്രമണങ്ങളും ഭീഷണികളും ലംഘനങ്ങളും ആറ് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് സെബി. ഈ പ്രശ്‌നങ്ങള്‍ സെബി ഇന്ത്യന്‍ കംമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ അറിയിക്കും.

സിഇആര്‍ടി -ഇന്‍ അപ്‌ഡേറ്റ് ചെയ്ത ഗൈഡ് ലൈന്‍ അനുസരിച്ചാണ് സെബി നടപടികള്‍ സ്വീകരിക്കുന്നത്. പ്രൊട്ടക്ടഡ് സിസ്റ്റം എന്നറിയപ്പെടുന്ന കെആര്‍എകളും അത്തരം സംഭവങ്ങള്‍ നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യും. സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഡെപ്പോസിറ്ററി പങ്കാളികള്‍ എന്നിവര്‍ അനുഭവിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍, ഭീഷണികള്‍, സൈബര്‍ സംഭവങ്ങള്‍, ബഗ് കേടുപാടുകള്‍, മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായേക്കാവുന്ന ഭീഷണികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ വിവരങ്ങള്‍ ഒരു പ്രത്യേക ഇ-മെയില്‍ ഐഡി വഴിയാണ് സെബിക്ക് കൈമാറുക. കഴിഞ്ഞ മാസം, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്കും ഡെപ്പോസിറ്ററി പങ്കാളികള്‍ക്കും സമാനമായ നിര്‍ദ്ദേശവുമായി റഗുലേറ്ററി അതോറിറ്റി രംഗത്തെത്തിയിരുന്നു. മെയ് മാസത്തില്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, എച്ച്പി തുടങ്ങിയവരടങ്ങുന്ന 11 അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സിഇആര്‍ടി-ഇന്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബഹലിന് സൈബര്‍ സുരക്ഷാ സംബന്ധിച്ച് കത്തെഴുതിയിരുന്നു. സൈബര്‍ ആക്രമണ സംഭവങ്ങള്‍ ആറ് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നിര്‍ദ്ദേശം പുറത്തിറക്കുന്നത് ഇതിനു പിന്നാലെയാണ്.

കൂടാതെ ഉപയോക്താക്കളുടെ ലോഗുകള്‍ അഞ്ചുവര്‍ഷം സുരക്ഷിതമായി റെക്കോര്‍ഡ് ചെയ്യാനും നിര്‍ദേശമുണ്ട്. സൈബര്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനുകളെ ദോഷകരമായി ബാധിക്കും. ഇത് ഇന്ത്യയുടെയും ക്വാഡ് രാജ്യങ്ങളിലെ സഖ്യകക്ഷികളുടെയും സുരക്ഷാ നിലയെ തുരങ്കം വയ്ക്കുമെന്നും സെബി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Back to top button
error: