CrimeNEWS

യുകെയില്‍ ജോലിയെന്ന് കേട്ടാലുടന്‍ ചതിക്കുഴിയില്‍ പോയി വീഴല്ലേ..! വാട്സ് ആപ്പ് വഴി വന്‍ തട്ടിപ്പ്

വാട്സ് ആപ്പ് വഴിയുള്ള പുതിയ ഫിഷിങ് കാമ്പയിൻ ഉപയോക്താക്കളെ വഞ്ചിക്കുന്നതാണെന്ന് റിപ്പോർട്ട്. യുകെയില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ചാണ് തട്ടിപ്പ് നടക്കുന്നത്. ജോലിക്കായി രാജ്യത്തേക്ക് മാറാൻ തയ്യാറുള്ള വ്യക്തികൾക്ക് സൗജന്യ വിസയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ തട്ടിപ്പിന്റെ രീതി. യുകെ സർക്കാരിൽ നിന്നുള്ള മെസെജാണെന്ന വ്യാജനേയാണ് തട്ടിപ്പ് നടത്തുന്നത്. 2022ൽ യുകെയിലേക്ക് 132,000-ത്തിലധികം തൊഴിലാളികളെ ആവശ്യമാണെന്നാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്ന മെസേജിൽ പറയുന്നത്.

രാജ്യത്തിന് പുറത്തേക്ക് ജോലിക്ക് ശ്രമിക്കുന്നവരെ ലക്ഷ്യമിട്ടാണ് കൂടുതലും മെസെജുകൾ എത്തുന്നത്. മെസേജിൽ ക്ലിക്ക് ചെയ്‌താൽ, അവർക്ക് യുകെ വിസ ആന്‍ഡ് ഇമിഗ്രേഷൻ വെബ്‌സൈറ്റ് എന്ന വ്യാജേന ഡൊമെയ്‌ൻ നൽകും. ‘യുകെയില്‍ ഇതിനകം ലഭ്യമായ ആയിരക്കണക്കിന് ജോലികൾക്ക് അപേക്ഷിക്കാൻ’ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ടാകും.

പ്രോഗ്രാമിന്‍റെ ഭാഗമായി യാത്രാ ചെലവ്, പാർപ്പിടം, താമസം, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ നല്‍കുമെന്നും അപേക്ഷകന് 16 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണമെന്ന് നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കൂടാതെ, അടിസ്ഥാന ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം. പ്രോഗ്രാമിന്റെ പ്രയോജനമായി തൽക്ഷണ വർക്ക് പെർമിറ്റ്, വിസ അപേക്ഷാ സഹായവും നല്‍കുമെന്ന് വെബ്സൈറ്റില്‍ പറയുന്നു. ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്ന എല്ലാ വ്യക്തികൾക്കും വിദ്യാർത്ഥികൾക്കും അവസരമുണ്ടെന്നുമാണ് ഡൊമേയ്നിലെ വിവരങ്ങള്‍.

വാട്ട്‌സ് ആപ്പ് വഴിയുള്ള തട്ടിപ്പ് പുതിയ കാര്യമല്ല. ഇത്തരത്തിൽ ആളുകൾക്ക് പണം നഷ്ടപ്പെട്ട നിരവധി കേസുകളാണ് നിലവിലുള്ളത്. വാട്സ് ആപ്പിലെ മെസെജുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ആയതിനാൽ തട്ടിപ്പുകാരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം മെസെജുകൾ അവഗണിക്കുകയാണ് തട്ടിപ്പിൽ രക്ഷപ്പെടാനുള്ള മാർഗം. ഉപയോക്താക്കളുടെ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, വൈവാഹിക നില, തൊഴിൽ നില എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. 25 ലക്ഷം രൂപ ലോട്ടറി തുക വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് അടുത്തിടെ വ്യാപിച്ചിരുന്നു.

Back to top button
error: