KeralaNEWS

ഭരണഘടനാ വിരുദ്ധ പരാമര്‍ശം: കേരളത്തില്‍ മന്ത്രി സ്ഥാനം നഷ്ടമായത് രണ്ടുപേര്‍ക്ക്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കേണ്ടി വന്ന ആലപ്പുഴയുടെ തന്ത്രശാലി സജി ചെറിയാന്‍ ഇനി രാഷ്ട്രീയ ചരിത്ര പഠിതാക്കളുടെ പ്രധാന അധ്യായം.അന്ന് കൊച്ചിയിലെ പ്രസംഗമെങ്കില്‍ ഇന്ന് മല്ലപ്പള്ളിയിലെ പ്രസംഗം. മല്ലപ്പള്ളയെന്ന നാട്ടിന്‍പുറത്തെ സി.പി.എം ഏരിയാകമ്മിറ്റി നടത്തിയ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടിയാണ് അപ്രതീക്ഷിതമായി സജി ചെറിയാന്റെ കുറ്റിതെറിപ്പിച്ചത്.

അത്ര ഗൗരവമായി പാര്‍ട്ടി പോലും കാണാതിരുന്ന പരാമര്‍ശം അതി ഗൗരവമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് മാധ്യമങ്ങളില്‍ വാര്‍ത്തവന്നതിനെത്തുടര്‍ന്നാണ്. ഒടുവില്‍ ഒരു ദിവസത്തിനിപ്പുറം രാജിയും കേസും. ഇതേ അവസ്ഥയായിരുന്നു 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍. ബാലകൃഷ്ണപ്പിള്ളയെന്ന കേരള കോണ്‍ഗ്രസ് നേതാവിന് സംഭവിച്ചതും. ആര്‍.ബാലകൃഷ്ണപ്പിള്ളയ്ക്ക് അന്ന് ഹൈക്കോടതി വരെ പോവാന്‍ സമയം കിട്ടിയിരുന്നുവെങ്കില്‍ സജി ചെറിയാന് ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വരയേ രാജിക്ക് പോവേണ്ടി വന്നുള്ളൂ.

1985 മേയ് 25-ന് കൊച്ചിയില്‍ച്ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രസംഗം. സംസ്ഥാനത്തിന് അര്‍ഹമായ പദ്ധതിവിഹിതം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ച് മുന്നണിയില്‍നിന്നുകൊണ്ടുതന്നെ വേണ്ടിവന്നാല്‍ കേന്ദ്രത്തിനെതിരേ സമരംചെയ്യാനുള്ള തീരുമാനമെടുത്ത സമ്മേളനമായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു: ”പഞ്ചാബിന്റെ ശൈലിയാണ് വ്യവസായത്തിനും വികസനത്തിനുമാവശ്യമെങ്കില്‍ നമുക്ക് അതേപ്പറ്റി ആലോചിക്കാം. കേരളത്തിന് ലഭിക്കേണ്ട കോച്ച് ഫാക്ടറിപോലും പഞ്ചാബിന് കൊടുത്തു. പഞ്ചാബിനെപ്പോലെയാണെങ്കില്‍ (അന്ന് വിഘടനവാദം കത്തിനിന്നതാണ് പ്രസംഗകന്‍ ഉദ്ദേശിച്ചത്), വ്യവസായം കിട്ടുമെങ്കില്‍ അങ്ങനെ ആലോചിക്കാം.”

സത്യപ്രതിജ്ഞാ ലംഘനമെന്ന് പറഞ്ഞ് ബാലകൃഷ്ണപ്പിള്ളയുടെ കേസ് ഹൈക്കോടതി വരെ എത്തിയെങ്കിലും ഇവിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വരയേ സജി ചെറിയാണ് പോവേണ്ടി വന്നുള്ളൂ, പിന്നെ കണ്ടത് രാജി പ്രഖ്യാപനമാണ്. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാരന്‍ പറഞ്ഞുകൊടുത്തത് കേട്ട് ഇന്ത്യക്കാരന്‍ എഴുതിവെച്ചതാണെന്നുമായിരുന്നു സജി ചെറിയാന്റെ പ്രസംഗത്തിന്റെ ചുരുക്കം.

സത്യപ്രതിജ്ഞ ലംഘിച്ചാല്‍ മന്ത്രിസ്ഥാനത്ത് തുടര്‍ന്നുകൂടെന്ന് പിള്ളക്കെതിരായ ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഹൈക്കോടതിയുടെ ഈ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു 1985 ജൂണ്‍ അഞ്ചിന് പിള്ളയുടെ രാജി. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം രാജിവെക്കുന്നില്ലെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളെ ആദ്യം അറിയിച്ചിരുന്നുവെങ്കിലും അത് കൂടുതല്‍ വിവാദത്തിലേക്ക് വഴിവെക്കുമെന്ന നിയമോപദേശമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. പരാമര്‍ശത്തില്‍ അദ്ദേഹത്തിനെതിരേ തിരുവല്ല കോടതി കേസെടുക്കാനും ഉത്തരവിട്ടുണ്ട്. ഭരണഘടനയ്ക്കൊപ്പം കോടതികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടും രാജിയില്ലാതെ മന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കില്‍ രൂക്ഷ വിമര്‍ശനം കോടതികളില്‍ നിന്ന് വരുമെന്ന മുന്‍കൂര്‍ കണക്ക് കൂട്ടലും മറ്റ് വഴിയില്ലാതെ രാജിയിലേക്കെത്തിച്ചു.

Back to top button
error: