കുളുവില്‍ മേഘവിസ്‌ഫോടനം: മിന്നല്‍പ്രളയത്തില്‍ നാലുമരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത നാശം വിതച്ച് മഴയും മിന്നല്‍ പ്രളയവും. കുളുവിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദുരന്തനിവാരണ അതോറിറ്റിയെ ഉദ്ധരിച്ചു കൊണ്ട് പിടിഐയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മണികരണ്‍ താഴ് വരയില്‍ മിന്നല്‍ പ്രളയം രൂപപ്പെടുകയായിരുന്നു. മേഘവിസ്‌ഫോടനം നടന്നിടത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരാന്‍ ശ്രമിച്ചുവെങ്കിലും പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ പെട്ട് കുടുങ്ങിക്കിടക്കുകയാണ്. ചോജ് ജില്ലയില്‍ നിരവധി വീടുകളും ക്യാമ്പിങ് സൈറ്റുകളും തകര്‍ന്നിട്ടുണ്ട്. കന്നുകാലികളും വീടുകളും ഒലിച്ചു പോയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മണികരന്‍ വാലിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ 6 പേരെ കാണാതായതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. മലാന ഗ്രാമവും മണികരന്‍ വാലിയും ഇതര പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിട്ടുണ്ട്. പലയിടത്തും വാര്‍ത്താവിനിമയ ബന്ധം താറുമാറിലായി. മലാനയില്‍ നിര്‍മാണം നടക്കുന്ന പവര്‍ സ്റ്റേഷനില്‍ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തി. ചിലയിടങ്ങളില്‍ ടൂറിസ്റ്റ് ക്യാമ്പുകള്‍ ഒലിച്ച് പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

മേഖലയില്‍ തുടരുന്ന കനത്ത മഴയ്ക്കിടെ മേഘവിസ്‌ഫോടനം കൂടി സംഭവിച്ചതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. സംസ്ഥാനത്ത് പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഷിംലയില്‍ മണ്ണിടിച്ചിലില്‍ ഒരു പെണ്‍കുട്ടി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version