സംസ്ഥാനത്ത് സ്വകാര്യ വ്യവസായപാർക്കുകൾ വരുന്നു, താത്പര്യം പ്രകടിപ്പിച്ച് 20 പേർ രംഗത്ത്

    സംസ്ഥാനത്ത് സ്വകാര്യ വ്യവസായപാർക്കുകൾ ആരംഭിക്കാനുള്ള നീക്കങ്ങൾ ധൃതഗതിയിൽ മുന്നോട്ട്. സന്നദ്ധരായി 20 പുതിയ സംരംഭകരെത്തി. ഓൺലൈനായി 16 അപേക്ഷകളും ഓഫ്‌ലൈനായി നാല് അപേക്ഷകളുമാണ് ലഭിച്ചത്. പാർക്കുകളുമായി ബന്ധപ്പെട്ട ഏഴ് സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ലീഡ് ബാങ്കുദ്യോഗസ്ഥരും അടങ്ങിയസംഘം സ്ഥലപരിശോധന തുടങ്ങി.

കോട്ടയം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നാണ് ഓൺലൈൻ അപേക്ഷകൾ ലഭിച്ചത്. കേരളത്തിൽ വ്യാവസായിക ആവശ്യങ്ങൾക്കായി നൽകാൻ സർക്കാർ ഭൂമി പരിമിതമായ സാഹചര്യത്തിലാണ് സ്വകാര്യഭൂമിയിലും പാർക്കുകൾ അനുവദിക്കാൻ തീരുമാനമായത്. പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം-2022 പദ്ധതിയിലുൾപ്പെടുത്തിയാണിത്.

കണ്ണൂരിൽ ഫുഡ്പാർക്കിനുള്ള അപേക്ഷയാണ് ലഭിച്ചത്. കോട്ടയത്ത് ഫുഡ്പാർക്കിനൊപ്പം സ്‌പൈസസ് പാർക്കിനും.
പരിസ്ഥിതി ദുർബലമേഖല,​ തീരദേശ നിയന്ത്രണമേഖല എന്നിവിടങ്ങളിൽ പാർക്ക് അനുവദിക്കില്ല. പത്തേക്കറിലേറെ ഭൂമിയുമുള്ള സ്ഥാപനങ്ങൾക്ക് സ്വകാര്യപാ‌ർക്കിനായി അപേക്ഷിക്കാം.

ആനുകൂല്യങ്ങളുമായി സർക്കാർ

സ്വകാര്യപാർക്കിൽ അടിസ്ഥാനസൗകര്യം ഒരുക്കാൻ സർക്കാർ മൂന്നു കോടിരൂപ ധനസഹായം നൽകും. ഏക്കറിന് 30 ലക്ഷം രൂപയും എസ്റ്റേറ്റിന് മൂന്നുകോടി രൂപയുമാണ് ഇൻസെന്റീവ്.

വ്യക്തികൾ,​ സഹകരണസംഘങ്ങൾ,​ ട്രസ്റ്റുകൾ,​ സ്വകാര്യകമ്പനികൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, പാ‌ർട്ണ‌ർഷിപ്പ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇ കൺസോർഷ്യം എന്നിവയ്ക്ക് പാർക്കിനായി അനുമതി തേടാം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version