പാലക്കാട് തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സയ്ക്കിടെ മരണം, 27 കാരിയുടെ മരണം ചികിത്സാപ്പിഴവുമൂലമെന്ന് ബന്ധുക്കൾ

    പാലക്കാട് പടിഞ്ഞാറേ യാക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി ശസ്ത്രക്രിയയ്ക്കിടെ മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവതിയുടെ മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭിന്നശേഷിക്കാരിയായ യുവതിയാണ് കാര്‍ത്തിക.

കഴിഞ്ഞ ദിവസം നവജാതശിശുവും പിന്നാലെ അമ്മയും ഇതേ ആശുപത്രിയില്‍ മരിച്ചത് വൻ വിവാദമായിരുന്നു. അതിനിടെയാണ് തൊട്ടടുത്ത ദിവസം ഇവിടെ വീണ്ടും ചികിത്സയ്ക്കിടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരണപെട്ടത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്നു ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ആശുപത്രിക്കെതിരെ കേസ് എടുത്തു.

നവജാതശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. നവജാത ശിശുവിന്റെ മരണ കാരണം ശ്വാസതടസ്സമാണെന്നും അമ്മ മരിച്ചത് അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നുമാണത്രേ.

ആശുപത്രിയുടെ ഭാഗത്ത് നിന്ന് ചികിത്സാവീഴ്ച്ചയുണ്ടായിട്ടില്ല. അമ്മയുടെ ജീവന്‍ രക്ഷിക്കാനാണ് ഗര്‍ഭപാത്രം നീക്കം ചെയ്തത്. ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലായത് കൊണ്ടാണ് ഗര്‍ഭപാത്രം നീക്കം ചെയ്ത വിവരം ബന്ധുക്കളെ അറിയിയ്ക്കാന്‍ കഴിയാതെ വന്നത്.

കുഞ്ഞിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ സംസ്കരിച്ചുവെന്ന പ്രചരണവും ശരിയല്ല. കുഞ്ഞിനെ ഐശ്വര്യയുടെ ബന്ധു തന്നെയാണ് ഏറ്റുവാങ്ങിയതെന്നും മാനേജ്മെന്റിന്റെ വിശദീകരണത്തില്‍ പറയുന്നു.

ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലെ എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വരയും കുഞ്ഞുമാണ് പാലക്കാട് പടിഞ്ഞാറേയാക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച്ചയാണ് പ്രസവത്തിനിടെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു.

തങ്കം ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച്‌ കാര്‍ത്തികയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഇന്നലെ (ചൊവ്വ) രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. മരണവിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്നും വളരെ വൈകിയാണ് അറിയിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കാര്‍ത്തികയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version