HealthLIFE

നിങ്ങള്‍ സ്വയം മുടി ഡൈ ചെയ്യാറുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മുടി കളര്‍ ചെയ്യുന്നത് ഏറെപ്പേര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ മുടിയില്‍ നടത്തുമ്പോള്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിദത്തമോ, രാസവസ്തുക്കള്‍ അടങ്ങിയതോ ആയ നിരവധി ഹെയര്‍ കളറുകള്‍ സുലഭമാണ്. ശിരോചര്‍മത്തിലെ മെലനോസൈറ്റ് എന്ന കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മെലാനിന്‍ എന്ന വസ്തുവാണ് മുടിക്ക് നിറം നല്‍കുന്നത്.

ഡൈ ചെയ്യുന്നതിന് മുമ്പും ശേഷവും

    • മുടി കളര്‍ ചെയ്യുന്നതിന് മുമ്പ് ഒരല്‍പ്പമെടുത്ത് കയ്യില്‍ പുരട്ടിനോക്കുക. അസ്വസ്ഥതയോ അലര്‍ജിയോ അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക.
    • കളറും ബ്രാന്‍ഡും മാറി മാറി പരീക്ഷിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമാണ്.
    • കളര്‍ ചെയ്തു കഴിഞ്ഞാല്‍ ക്ലോറിന്‍ കലര്‍ന്ന വെള്ളമോ, ചൂടു വെള്ളമോ ഉപയോഗിച്ച് മുടി കഴുകാന്‍ പാടില്ല. തണുത്ത വെള്ളമാണ് നല്ലത്.
    • കളര്‍ ചെയ്ത് കഴിഞ്ഞാല്‍ ഷാംപു ആഴ്ചയില്‍ ഒരുതവണ ഉപയോഗിച്ചാല്‍ മതി.

അലര്‍ജി അറിയാന്‍ പാച്ച് ടെസ്റ്റ്

പുതിയ ഡൈ പരീക്ഷിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകുമോ എന്നറിയാന്‍ പാച്ച് ടെസ്റ്റ് നടത്താം. അല്‍പം ഡൈ എടുത്ത് ചെവിയ്ക്ക് പുറകിലായി പുരട്ടി അല്‍പനേരം നില്‍ക്കണം. ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കില്‍ ഡൈ ഉപയോഗിക്കരുത്.

ഡൈ എങ്ങനെ ഉപയോഗിക്കാം

ഷാംപുവും കണ്ടീഷണറും ഉപയോഗിച്ച് മുടി നന്നായി കഴുകിയ ശേഷം ഡൈ ചെയ്യാം. ആദ്യം അല്‍പം ഡൈ എടുത്ത് മുടിയിഴകള്‍ പ്രത്യേകം എടുത്ത് ഡൈ പുരട്ടുക. പിന്നീട് മുഴുവനായും ചെയ്യാം. ശേഷം ചെറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് മുടി നന്നായി ചീകാം. ഇങ്ങനെ നിറം എല്ലാഭാഗത്തും ഒരുപോലെ പടരുന്നു. 30 മുതല്‍ 60 മിനിറ്റിന് ശേഷം നന്നായി കഴുകിക്കളയാം.

അധിക സമയം ഡൈ മുടിയിഴകളില്‍ തങ്ങി നിന്നാല്‍ മുടിയുടെ കട്ടിയും തിളക്കവും ആരോഗ്യവും നഷ്ടമാകും. മാത്രമല്ല മുടി കൊഴിയാനും കാരണമാകുന്നു. ഉപയോഗിച്ച ശേഷം ബാക്കി വരുന്ന ഡൈ സൂക്ഷിക്കുകയോ പിന്നീട് ഉപയോഗിക്കുകയോ ചെയ്യരുത്. വാസ്ലിനോ, എണ്ണയോ എടുത്ത് ഹെയര്‍ ലൈന് ചുറ്റും പുരട്ടിയാല്‍ ഡൈ ചര്‍മത്തില്‍ പടരാനുള്ള സാധ്യത കുറയുന്നു. ചര്‍മത്തില്‍ ആയാല്‍ അത് അപ്പോള്‍ തന്നെ തുടച്ച് നീക്കണം.

ഹെയര്‍ ഡൈകളെ നാലായി തിരിക്കാം

    • ടെംപററി ഡൈ: താല്‍കാലികമായി മുടിയ്ക്ക് നിറം ലഭിക്കാനാണ് ടെംപററി ഡൈ അഥവാ താല്‍ക്കാലിക ഡൈ ഉപയോഗിക്കുന്നത്. ഇത്തരം ഡൈകള്‍ മുടിയിഴകളില്‍ അധികം ആഴ്ന്നിറങ്ങാത്തതിനാല്‍ ഇഷ്ടാനുസരണം കഴുകിക്കളയാന്‍ സാധിക്കും. ഷാംപൂ, ജെല്ലുകള്‍, റിന്‍സസ്, സ്പ്രേകള്‍ എന്നീ രൂപങ്ങളില്‍ ഡൈ ലഭ്യമാണ്.
    • സെമി പെര്‍മനന്റ് ഡൈ: മുടിയിലെ നിറം അല്‍പസമയത്തേക്ക് നീണ്ടുനില്‍ക്കാന്‍ സഹായിക്കുന്ന ഡൈകളാണ് ഇത്. നാലോ അഞ്ചോ തവണ ഷാംപൂ ഉപയോഗിച്ച് കഴുകിയാല്‍ മാത്രമാണ് ഇവയുടെ നിറം പോകൂ. ഇത്തരം കളറുകള്‍ സുരക്ഷിതമാണ്.
    • ഡെമി പെര്‍മനന്റ് ഡൈ: ദീര്‍ഘനേരം നീണ്ടു നില്‍ക്കാന്‍ സാധിക്കുന്ന തരം ഡൈകളാണ് ഇവ. സോഡിയം കാര്‍ബണേറ്റ് പോലുള്ള ആല്‍ക്കലൈന്‍ വസ്തുക്കളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. മുടിയുടെ സ്വാഭാവിക നിറം കളയാതെ തന്നെ മുടിയ്ക്ക് നിറം നല്‍കുന്നു. താരതമ്യേന ഇവ സുരക്ഷിതമാണ്.
    • പെര്‍മനന്റ് ഡൈ: ഇത്തരം ഡൈ എളുപ്പത്തില്‍ കഴുകിക്കളയാന്‍ സാധിക്കില്ലെന്ന് മാത്രമല്ല അലര്‍ജി പ്രശ്‌നങ്ങളും കൂടുതലാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പാരഫിനൈല്‍ ഡയാമിന്‍ എന്ന രാസവസ്തുവാണ് അലര്‍ജി ഉണ്ടാക്കുന്നത്.

 

Back to top button
error: