HealthLIFE

ആരോഗ്യം വേണോ ? ഇവ ശ്രദ്ധിക്കുക…

മ്മുടെ ദൈനംദിന പ്രവൃത്തികളെല്ലാം തന്നെ നേരിട്ടോ അല്ലാതെയോ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഭക്ഷണം, ഉറക്കം, വ്യായാമം മുതല്‍ നമ്മള്‍ എന്ത് ചിന്തിക്കുന്നു എങ്ങനെ പെരുമാറുന്നു എന്നത് വരെ നമ്മുടെ ആരോഗ്യത്തെ ബാധിക്കാം.

ജീവിതരീതികളിലെ പിഴവുകള്‍ കൊണ്ട് മാത്രം നമുക്ക് പല അസുഖങ്ങളും പിടിപെടാം. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഇതുവഴി പരിഹരിക്കാനോ അകറ്റിനിര്‍ത്താനോ സാധിക്കും. അത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അഞ്ച് ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

  • ഒന്ന്

ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണം കഴിക്കുന്നവരുണ്ട് നമ്മുടെ കൂട്ടത്തില്‍. ശരീരത്തിന് ഊര്‍ജ്ജം ആവശ്യമായി വരുമ്പോള്‍ അത് വിശപ്പിലൂടെ നാം തിരിച്ചറിയുകയും ഭക്ഷണം കഴിച്ച് ആ പ്രശ്നം പരിഹരിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ വിശന്നില്ലെങ്കിലും ഇടയ്ക്കിടെ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്നത് കാണാം. ഇത് ആരോഗ്യത്തെ പല രീതികളില്‍ ബാധിക്കാം. 

  • രണ്ട്

വ്യായാമം ചെയ്യുന്നത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനുമെല്ലാം നല്ലത് തന്നെ. എന്നാല്‍ ഓരോരുത്തരും അവരവരുടെ ശരീരപ്രകൃതി, ആരോഗ്യാവസ്ഥ, പ്രായം എന്നിവയെല്ലാം അനുസരിച്ച് മാത്രമേ വ്യായാമം ചെയ്യാവൂ. ഈ അളവുകള്‍ തെറ്റുന്നത് ഒരുപക്ഷേ ഗുണത്തിന് പകരം ദോഷമായി വരാം. കൂടുതല്‍ സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുന്നവരാണ് ഇക്കാര്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. 

  • മൂന്ന്

രാത്രി ഏറെ വൈകി അത്താഴം കഴിക്കുന്ന ശീലമുള്ളവരാണോ? എങ്കില്‍ ഈ ശീലം എത്രയും പെട്ടെന്ന് മാറ്റാൻ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ദഹനപ്രശ്നങ്ങള്‍ തുടങ്ങി പല വിഷമതകളും പതിവാകാം. ക്രമേണ പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങി പലതിലേക്കും ഇത് നയിക്കാം. 

  • നാല്

രാത്രി നേരത്തെ ഉറങ്ങുന്നതാണ് ശരീരത്തിനും മനസിനും നല്ലത്. പാതിരാത്രി കഴിഞ്ഞ് ഉറങ്ങുന്ന ശീലം ഒട്ടും നല്ലതല്ല. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് വഴി എല്ലായ്പോഴും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ നേരിടാം. ഒപ്പം തന്നെ വേറെയും രോഗങ്ങള്‍ക്ക് ഇത് കാരണമാകാം. ഉറക്കം നേരാംവണ്ണം ലഭിച്ചില്ലെങ്കില്‍ അത് ഹൃദയത്തെ വരെ ബാധിക്കാം. 

  • അഞ്ച്

നിത്യജീവിതത്തില്‍ നാം പല ജോലികളും ചെയ്യേണ്ടിവരും. പുറത്തുപോയോ വീട്ടിലിരുന്നോ ജോലി ചെയ്യുന്നവരാണെങ്കിലും ശരി, വീട്ടുജോലി മാത്രം ചെയ്യുന്നവരാണെങ്കിലും ശരി ഒരേസമയം ഒരുപാട് ജോലികള്‍ ചെയ്യുന്ന ശീലമുണ്ടെങ്കില്‍ അത് കുറയ്ക്കുക. ഇത് സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതിന് കാരണമാവുകയും ഇത് രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.

Back to top button
error: