തൃ‍ശ്ശൂരിലും തെരുവുനായ ആക്രമണം, തളിക്കുളത്ത് മൂന്ന് കുട്ടികൾക്ക് കടിയേറ്റു

തൃശ്ശൂർ: തളിക്കുളം നമ്പിക്കടവില്‍  നാലു കുട്ടികള്‍ക്ക് തെരുവു നായയുടെ കടിയേറ്റു. കുട്ടികളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ശുശ്രൂഷ നല്‍കി വിട്ടയച്ചു. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി.

സ്നേഹതീരം ബീച്ചിനോട് ചേര്‍ന്ന നമ്പിക്കടവ് പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്. പത്താം വാര്‍ഡിലെ തീര്‍ഥ എന്ന കുട്ടിക്കാണ് ആദ്യം കടിയേറ്റത്. പിന്നാലെ ഓത്തുപള്ളിയിലേക്ക്  പോവുകയായിരുന്ന ഹംദാനെയും മുഹമ്മദ് അമീനെയും നായ ആക്രമിച്ചു.  അമീന്‍റെ  നിലവിളി കേട്ടെത്തിയ അമൃത എന്ന ഒമ്പാതാം ക്ലാസുകാരിക്കും നായയുടെ കടിയേറ്റു. അമൃതയ്ക്കും അമീനും കാലിലും ഹംദാന് ചെവിക്ക് പിന്നിലും കൈയ്ക്കുമാണ് കടിയേറ്റത്.

കുട്ടികളെ ആക്രമിച്ച നായ തൊട്ടടുത്ത വീടുകളിലെ വളര്‍ത്തു നായ്ക്കളെയും തെരുവു നായ്ക്കളെയും കടിച്ചു. കടല്‍ത്തീരത്തേക്ക് പോയ നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. സ്നേഹ തീരം ബീച്ചിനോട് ചേര്‍ന്ന പൊന്തക്കാടുകളില്‍ നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് തളിക്കുളം പഞ്ചായത്ത് അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version