BusinessTRENDING

ഇഎംഐ ഉയരും; വായ്പാ നിരക്ക് വർധിപ്പിച്ച് ഐസിഐസിഐ ബാങ്ക്

മുംബൈ : പ്രമുഖ സ്വകാര്യ വായ്പാ ദാതാവായ ഐസിഐസിഐ ബാങ്ക് വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ 20 ബേസിസ് പോയിന്റാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസം ആദ്യം റിസർവ് ബാങ്ക്  റിപ്പോ നിരക്കുകൾ 50 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചതിന് ശേഷം മറ്റ് നിരവധി ബാങ്കുകളും അവരുടെ വായ്പാ പലിശ നിരക്ക് ഉയർത്തിയിരുന്നു. പുതുക്കിയ നിരക്കുകൾ ജൂലൈ  1 മുതൽ പ്രാബല്യത്തിൽ വന്നു.

വായ്പാ നിരക്ക് ഉയർത്തിയതോടെ പുതിയ വായ്പാ എടുക്കുന്നവർക്കും നിലവിൽ വായ്പാ എടുത്തവർക്കും പലിശ നിരക്കുകൾ വർധിക്കും. ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയുടെ ഇഎംഐകൾ ഉയരും. ഒറ്റ ദിവസത്തേക്കുള്ള വായ്പകളുടെ എംസിഎൽആർ നിരക്ക് 7.50 ശതമാനം ആക്കി ഉയർത്തി. ഒരു മാസം, ആറ് മാസത്തേക്കുള്ള എംസിഎൽആർ നിരക്കുകൾ യഥാക്രമം  7.50 ശതമാനം, 7.55 ശതമാനം എന്നിങ്ങനെയാക്കി വർധിപ്പിച്ചു. ആറ് മാസവും ഒരു വർഷവും കാലാവധിയുള്ള ഐസിഐസിഐ ബാങ്ക് എംസിഎൽആർ നിരക്കുകൾ യഥാക്രമം 7.70 ശതമാനവും 7.75 ശതമാനവുമാണ്.

ആർബിഐയുടെ പണ നയ യോഗത്തിന് ഒരാഴ്ച മുൻപ് ഐസിഐസിഐ ബാങ്ക് എംസിഎൽആർ നിരക്കുകൾ ഉയർത്തിയിരുന്നു. രാജ്യത്ത് പണപ്പെരുപ്പം ഉയരുന്ന പശ്ചാത്തലത്തിൽ ആർബിഐ റിപ്പോ നിരക്ക് 4.90 ശതമാനമായി ഉയർത്തിയിരുന്നു.

Back to top button
error: