KeralaNEWS

സ്വാതന്ത്രസമര സേനാനിയും പ്രമുഖ ഗാന്ധിയമായ പി ഗോപിനാഥൻ നായർ അന്തരിച്ചു

   ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു. നൂറ് വയസ്സായിരുന്നു. സ്വാതന്ത്രസമര സേനാനിയും പ്രമുഖ ഗാന്ധിയമായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വിദ്യാഭ്യാസകാലത്ത് തന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി. 2016ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മുന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കള്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ഗാന്ധി സ്മാരക നിധിയുടെ പ്രാരംഭം മുതല്‍ കഴിഞ്ഞ ആറു ദശാബ്ദമായി സേവനം അനുഷ്ഠിച്ചവരില്‍ ഏറ്റവും മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു ഗോപിനാഥന്‍ നായര്‍.

1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍തന്നെ ഗാന്ധിമാര്‍ഗത്തിലേക്കെത്തി. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന ഗാന്ധിജിയെ നേരില്‍ കാണുകയും ചെയ്തു. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി.

ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്. 1946-48 കാലത്ത് ചീനാഭവനില്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി. 1951ല്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് അധ്യക്ഷ സ്ഥാനത്തത്തെി. സര്‍വസേവാ സംഘത്തിന്റെ കര്‍മസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്‍റായും സംഘത്തെ നയിച്ചു. ഭൂദാനയജ്ഞത്തിന് നേതൃത്വം നല്‍കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപിനാഥന്‍നായര്‍ പങ്കെടുത്തു. ജയപ്രകാശ് നാരായണന്‍ നയിച്ച സത്യഗ്രഹങ്ങളില്‍ പ്രധാന പങ്കുവഹിച്ചു.

മുഖ്യമന്ത്രി അനുശോചിച്ചു

ഗാന്ധിയന്‍ മൂല്യങ്ങള്‍ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകര്‍ത്തിയ വ്യക്തിയായിരുന്നു ഗോപിനാഥന്‍ നായര്‍. ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമ. ഗാന്ധിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് എന്നും വറ്റാത്ത പ്രചോദനം നല്‍കി മുമ്പേ നടന്ന മാതൃകാ വ്യക്തിത്വങ്ങളില്‍ ഒന്നാണ് ഗോപിനാഥൻ നായരുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Back to top button
error: