NEWS

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പാര്‍ട്ടിയിലെ ക്രിസ്ത്യന്‍ നേതാക്കളോട് കേരളത്തിൽ സമ്മേളനം സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി:  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ബിജെപിയിലെ ക്രിസ്ത്യന്‍ നേതാക്കളോട് കേരളം സന്ദർശിക്കാനും പാർട്ടി പരിപാടികളിൽ സംഘടിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം വരുന്ന ബി.ജെ.പി നേതാക്കളും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ളവരാണ്.അവര്‍ തെക്കന്‍ സംസ്ഥാനമായ കേരളത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് മോദി പറഞ്ഞത്.ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കേരളത്തില്‍ പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മോദിയുടെ പുതിയ നിര്‍ദേശം. ഇതിനുപുറമെ ക്രിസ്ത്യാനികള്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങളെകുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്തടക്കം ആഞ്ഞടിച്ചിരുന്നു. മുസ്‍ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തിന് എതിരെ വലിയ തോതില്‍ ആക്രമണം പ്ലാന്‍ ചെയ്യുകയാണ് സംഘ്പരിവാറെന്നും കേന്ദ്രം ഭരിക്കുന്നവര്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് പിണറായി പറഞ്ഞത്. സംഘ്പരിവാര്‍ അവരുടേതായ ലോകമാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും അതില്‍ സ്ഥാനമില്ലാത്തവരെ നിഷ്കാസനം ചെയ്യാനാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിസ്ത്യാനികളെ കൈയിലെടുക്കാന്‍ മോദിയുടെ ആഹ്വാനം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ പങ്കെടുക്കുന്ന ഒരു സമ്മേളനം കേരളത്തില്‍ നടത്താന്‍ മോദി നിര്‍ദേശിച്ചതായി ബി.ജെ.പി എക്‌സിക്യൂട്ടീവ് യോഗം പ്രതിനിധിയെ ഉദ്ധരിച്ച്‌ ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു. ‘തങ്ങളുടെ മണ്ഡലങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിക്കണം. എന്താണ് കേരളത്തിനായി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും അവിടെ വ്യക്തമാക്കണം” -മോദി പറഞ്ഞതായി ബി.ജെ.പി നേതാവ് അറിയിച്ചു.

Back to top button
error: