CrimeNEWSWorld

വന്യമൃഗങ്ങളെ കൊന്നൊടുക്കിയ കുപ്രസിദ്ധ വേട്ടക്കാരന്‍ റിയാന്‍ നൗഡിന്‍ കൊല്ലപ്പെട്ടു

ലിംപോപോ: നിരവധി ആനകളെയും സിംഹങ്ങളെയും കൊന്നൊടുക്കിയ കുപ്രസിദ്ധ വേട്ടക്കാരന്‍ സൗത്ത് ആഫ്രിക്കയില്‍ വെടിയേറ്റ് മരിച്ചു.

ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് റിസര്‍വിന്റെ ഭാഗമായ ലിംപോപോയിലെ മാര്‍ക്കന്‍ റോഡിലാണ് അന്‍പത്തഞ്ചുകാരനായ റിയാന്‍ നൗഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ തന്നെ വാഹനത്തിന് സമീപത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വേട്ടയാടാനുപയോഗിക്കുന്ന തരത്തിലുള്ള രണ്ട് റൈഫിളുകള്‍, വസ്ത്രങ്ങള്‍, വെള്ളം, വിസ്‌കി, പൈജാമ എന്നിവ ഇയാളുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയതായി മരോല മീഡിയ റിപ്പോര്‍ട്ട് ചെയ്തു. കൂടെയുണ്ടായിരുന്ന ആള്‍ തന്നെയാവണം നൗഡിനെ വെടിവച്ച് കൊന്നതെന്നും പറയുന്നുണ്ട്.

 

വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദക്ഷിണാഫ്രിക്കന്‍ പൊലീസ് സര്‍വീസ് വക്താവ് ലെഫ്റ്റനന്റ് കേണല്‍ മമ്പസ്വ സീബി പറഞ്ഞത് ഇയാളുടെ തലയിലും മുഖത്തും രക്തമുണ്ടായിരുന്നു എന്നാണ്. ആക്രമണത്തിന്റെയും കൊലപാതകത്തിന്റെയും കാരണം വ്യക്തമായിട്ടില്ല എന്നും സീബി പറഞ്ഞു.

താന്‍ വേട്ടയാടിയിരുന്ന ആന, സിംഹം, ജിറാഫ് എന്നിവയുടെ മൃതദേഹത്തിനരികില്‍ നിന്നുമുള്ള ചിത്രങ്ങള്‍ നൗഡിന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.

വടക്കന്‍ ദക്ഷിണാഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൗഡിന്റെ കമ്പനിയായ ‘പ്രോ ഹണ്ട് ആഫ്രിക്ക’ ആളുകള്‍ക്ക് ഹണ്ടിംഗും എക്കോ സഫാരിയും വാഗ്ദ്ധാനം ചെയ്യുന്ന കമ്പനിയാണ്. ‘വീ ആര്‍ യുവര്‍ ആഫ്രിക്കന്‍ ഡ്രീം’ എന്ന് പറഞ്ഞാണ് ഇവര്‍ ആളുകളെ സ്വാഗതം ചെയ്യുന്നത്. വിവിധ നിരക്കുകളില്‍ ഇവിടെ മൃഗങ്ങളെ വേട്ടയാടാനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്നുണ്ട്.

 

Back to top button
error: