CrimeNEWS

ബാലഭാസ്‌ക്കറിന്റെ ഫോണ്‍ പരിശോധന: വിശദീകരണം 16 ന് അകം നല്‍കണം, സി.ബി.ഐക്ക് അന്ത്യശാസനം നല്‍കി കോടതി

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ സി.ബി.ഐക്ക്. കോടതിയുടെ അന്ത്യശാസനം. ബാലഭാസ്‌ക്കറിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് സിബിഐയോട് കോടതി ചോദിച്ചു.

വിഷയത്തില്‍ ഈ മാസം 16 ന് വിശദീകരണം നല്‍കണമെന്ന് സിബിഐക്ക് കോടതി അന്ത്യശാസനം നല്‍കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍ സി ബി ഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛന്‍ ഉണ്ണിയാണ് തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിച്ചത്. ബാലഭാസ്‌ക്കറിന്റേത് അപകട മരണമാണെന്നും അസ്വാഭാവികതയില്ലെന്നും സിബിഐ കോടതിയില്‍ വാദിച്ചു. വിശദീകരണത്തിന് ഒരു മാസം സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഈ ആവശ്യം കോടതി തള്ളി.

ബാലഭാസ്‌കര്‍ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു സി ബി ഐ കണ്ടെത്തല്‍. വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്.

സി ബി ഐ 132 സാക്ഷി മൊഴികളും 100 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. 2018 സെപ്തംബര്‍ 25 നാണ് അപകടം നടന്നത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയെ രക്ഷിക്കാനായി. അര്‍ജുന് സാരമായി പരിക്കേറ്റിരുന്നില്ല. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. സി ബി ഐ, ഡി വൈ എസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം നല്‍കിയത്.

Back to top button
error: