എന്തൊരു പ്രഹസനമാണ് മരാമത്തേ…. ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ടാറിങ് പൊളിഞ്ഞു !

തൊടുപുഴ: പരാതിയും പ്രതിഷേധവും ശക്തമായതോടെ കഴിഞ്ഞ ദിവസം നഗര റോഡുകളിലെ കുഴികള്‍ അടച്ചു. എന്നാല്‍ രണ്ടാം ദിവസം മുതല്‍ പലയിടത്തും ടാറിങ് പൊളിഞ്ഞ് വീണ്ടും കുഴിയായി. ചിലയിടങ്ങളില്‍ റോഡില്‍ മെറ്റല്‍ നിരന്ന് കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നതും പതിവായി.

തിരക്കേറിയ കിഴക്കേയറ്റത്ത് വലിയ ഗര്‍ത്തത്തില്‍ മെറ്റലും ടാറും നിരത്തി നികത്തിയ കുഴി അടുത്ത ദിവസം പൂര്‍വ സ്ഥിതിയിലായി. കുടിവെള്ള പദ്ധതിയുടെ െപെപ്പ് കടന്ന് പോകുന്ന ഭാഗത്തായിരുന്നു ഏതാനും മാസങ്ങള്‍ മുമ്പ് കുഴി രൂപപ്പെട്ടത്. നിരന്തരമായി വെള്ളക്കെട്ടുണ്ടാകുന്ന ഇവിടെ കോണ്‍ക്രീറ്റ് ചെയ്യണമെന്ന് അറ്റകുറ്റപണി നടത്താനെത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് പ്രദേശത്തെ തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നതാണ്.

എന്നാല്‍ ഇത് ചെവിക്കൊള്ളാതെയാണ് വെള്ളം നിറഞ്ഞ് കിടന്ന കുഴി ടാറും മെറ്റലും ഉപയോഗിച്ച് അടച്ചത്. നികത്തിയ കുഴി അടുത്ത ദിവസം തന്നെ വീണ്ടും രൂപപ്പെടുകയും ഇതിലേക്ക് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പതിച്ച് അപകടം ഉണ്ടാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് തൊഴിലാളികളുടെ നേതൃത്വത്തില്‍ കുഴിയില്‍ കമ്പ് നാട്ടി അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.

എത്രയും വേഗം കോണ്‍ക്രീറ്റ് ഉപയോഗിച്ച് കുഴിയടച്ചില്ലെങ്കില്‍ ഗര്‍ത്തം വലുതാകുമെന്നും ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
നഗരത്തിലെയും പരിസരങ്ങളിലേയും റോഡുകള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഗതാഗതം താറുമാറായ റോഡുകള്‍ റീ ടാര്‍ ചെയ്യണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version